ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തോൽവിക്ക് കാരണം ഇംഗ്ലീഷ് ബോളർമാർ സമ്മാനിച്ച കഠിനമായ സമ്മർദ്ദമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലീഡ്‌സിലെ ഇന്നിങ്സിന്റെയും 76 റൺസിന്റെയും തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഇന്നിങ്സിൽ 78 റൺസിന് ഓൾഔട്ട് ആയത് വിചിത്രമായിരുന്നു എന്നും കോഹ്ലി പറഞ്ഞു. അത്രയും ചെറിയ സ്കോറിനു പുറത്തായ ശേഷം അതിനെ മറികടക്കാനുള്ള ശ്രമമാണ് ടീം നടത്തിയതെന്നും ക്യാപ്റ്റൻ പറഞ്ഞു.
“നമ്മൾ 80 റൺസിൽ താഴെ പുറത്താവുകയും എതിർ ടീം വലിയ സ്കോർ നേടുകയും ചെയ്യുമ്പോൾ തീർച്ചയായും സ്കോർ ബോർഡ് സമ്മർദ്ദം ഉണ്ടാകും, പക്ഷേ മത്സരത്തിൽ തുടരാൻ ഞങ്ങൾ ഇന്നലെ നന്നായി കളിച്ചു, കഴിയുന്ന പോലെ തിരിച്ചടിച്ചു, ഞങ്ങൾക്ക് തന്നെ ഒരു അവസരം നൽകി, പക്ഷേ ഇന്ന് ഇംഗ്ലണ്ട് ബോളർമാർ നൽകിയ സമ്മർദ്ദം വലുതായിരുന്നു, അവർക്ക് അതിനുള്ള ഫലം ലഭിച്ചു.” കോഹ്ലി പോസ്റ്റ് മാച്ച് പ്രെസെന്റേഷനിൽ പറഞ്ഞു.
ലോർഡ്‌സിലെ ഗംഭീര വിജയത്തിനു ശേഷം ആദ്യ ഇന്നിങ്സിലെ വീഴ്ച വളരെ വിചിത്രമായിരുന്നു എന്നും കോഹ്ലി പറഞ്ഞു. “ബാറ്റിങ് തകർച്ചകൾ ഈ രാജ്യത്ത് കാണാൻ കഴിയും. ഞങ്ങൾ കരുതിയത് പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്ന് ആണ്. പക്‌ഷേ അവരുടെ അച്ചടക്കം ഞങ്ങളെ തെറ്റ് ചെയ്യാൻ നിർബന്ധിച്ചു ആ സമ്മർദ്ദം കഠിനമായിരുന്നു. റൺസ് നേടുന്നില്ലെങ്കിൽ അതുമായി പിടിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ടാണ്. അതാണ് ബാറ്റിങ് തകർച്ചക്ക് കാരണമായത്” അദ്ദേഹം പറഞ്ഞു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം തെറ്റായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. “പിച്ച് ബാറ്റിങ്ങിന് നല്ലതായി തോന്നി, ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോ അത് മറ്റൊരു കളി ആയി, കാരണം ഞങ്ങൾ ബോൾ കൊണ്ട് അത്ര നന്നായി കളിച്ചില്ല. ഈ മത്സരത്തിൽ ഓരോ ടീമും എങ്ങനെ കളിച്ചു എന്നതാണ് ഫലം, അവർ തിരിച്ചു വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.” കോഹ്ലി പറഞ്ഞു.
Also read: India vs England 3rd Test: നാലാം ദിനം ഇന്ത്യക്ക് കൂട്ടത്തകർച്ച; ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ജയം
ലോർഡ്‌സിലെ പോലെ മുഹമ്മദ് ഷാമിയെയോ ബുംറയെയോ പോലെ താഴെയുള്ളവർ സഹായിക്കുമെന്ന് നമുക്ക് ഒരിക്കലും കരുതാനാവില്ലന്നും കോഹ്ലി പറഞ്ഞു. “ബാറ്റിങ് ഡെപ്തിനെ കുറിച്ചു നിങ്ങൾക്ക് തർക്കമുണ്ടാകാം എന്നാൽ മുൻനിര മധ്യനിരക്ക് ആവശ്യമായ റൺസ് എപ്പോഴും എടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നന്നായി കളിച്ചു, എന്നാൽ ഇതുപോലുള്ള ചില ഫലങ്ങളും ഉണ്ടാകും. ഒരു ബാറ്റിംഗ് നിര എന്ന നിലയിൽ ഞങ്ങൾക്ക് ഓർമിച്ചു ആത്മവിശ്വാസത്തോടെ നിൽക്കണം, ഓസ്‌ട്രേലിയയിൽ 36 റൺസിന് ഓൾഔട്ട് ആയിട്ട് പോലും ഞങ്ങൾ തിരിച്ചു വന്നു” കോഹ്ലി കൂട്ടിച്ചേർത്തു.
അതേസമയം ഓവലിൽ സെപ്തംബർ രണ്ടിന് ആരംഭിക്കുന്ന മത്സരത്തിൽ ഒരു സ്പിന്നറെ കൂടി ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. പിച്ചിന് അനുസരിച്ച് ആയിരിക്കും ടീം തീരുമാനിക്കുക എന്നാണ് കോഹ്ലി പറഞ്ഞത്. ഈ സാഹചര്യങ്ങളിൽ നാല് പേസർമാർ തന്നെ ആകും കൂടുതൽ നല്ലത് എന്നും ക്യാപ്റ്റൻ പറഞ്ഞു.
The post കഠിനമായ സമ്മർദ്ദം ഇന്ത്യയെ തകർത്തു, ആദ്യ ഇന്നിങ്സിലെ വീഴ്ച വിചിത്രമായിരുന്നു: വിരാട് കോഹ്ലി appeared first on Indian Express Malayalam.