തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ സംസ്ഥാനത്തെ കേസുകൾ വർധിച്ചെന്ന് മുഖ്യമന്ത്രി . രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ഗൗരവത്തോടെ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. മൂന്നാം തരംഗസാധ്യത നിലനിൽക്കുന്നതിനാൽ തയ്യാറെടുപ്പുകൾ ശക്തമാക്കുകയും ജാഗ്രതയോടെ മുന്നോട്ട് പോകുകയും വേണമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇളവുകൾ നൽകുമ്പോൾ കേസുകൾ വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം വേഗത്തിൽ പുരോഗമിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. ചികിത്സാ സൗകര്യം ശക്തമാക്കി മരണനിരക്ക് പിടിച്ച് നിർത്താൻ സാധിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പ്രായാധിക്യമുള്ളവവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനസംഖ്യാനുപാതികമായി വാക്സിൻ ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് സർക്കാർ തുടക്കം മുതൽ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടി ചേർത്തു.