കൊച്ചി: കുർബാന ഏകീകരണത്തെ ചൊല്ലിയുള്ള സിനഡ് തീരുമാനത്തെത്തുടർന്ന്സിറോ മലബാർ സഭയിൽ പൊട്ടിത്തെറി. കുർബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ പരസ്യമായി രംഗത്ത് വന്നു. തീരുമാനം സംബന്ധിച്ച ഇടയലേഖനം പള്ളികളിൽ വായിച്ചാൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് വൈദികരുടെ മുന്നറിയിപ്പ്.
ആരോടും ആലോചിക്കാതെ കൈക്കൊണ്ട തീരുമാനം നടപ്പിലാക്കരുതെന്ന ആവശ്യവുമായിഒരു വിഭാഗം വൈദികർ ബിഷപ്പ് ആന്റണി കരിയിലിനെ നേരിൽ കണ്ട് എതിർപ്പ് അറിയിച്ചു. മാർപ്പാപ്പയുടെ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് വൈദികരുടെ ആരോപണം.
നിലവിലെ കുർബാന രീതി തുടരണം. ജനാഭിമുഖ കുർബാനയാണ് ഇപ്പോൾ നടക്കുന്നത്. അതിൽ ഒരു ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരാഭിമുഖമായും നടത്തണമെന്നാണ് സിനഡിന്റെ തീരുമാനം. ഇതിൽ വൈദികർക്കും വിശ്വാസികൾക്കും എതിർപ്പുണ്ടെന്നാണ് വൈദികർ പറയുന്നത്. പ്രത്യേക യോഗം ചേർന്ന വൈദികർ പ്രമേയം പാസാക്കി. ജനാഭിമുഖ കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രമേയത്തിൽ പറയുന്നത്.
തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ മെത്രാൻമാരുടെ നേതൃത്വത്തിൽ മാർപ്പാപ്പയെ കാണുമെന്നും വൈദികർ പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേയും വിമർശനമുയർന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചില കേസുകളുള്ളതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിവാദങ്ങളെന്നാണ് വൈദികരുടെ പക്ഷം.
ഭൂമിയിടപാട് വിഷയം മുതൽ കർദിനാൾ അനുകൂലപക്ഷവും വിമതപക്ഷവും തമ്മിലുണ്ടായിരുന്ന കലഹം ആരാധനാ ക്രമം ഏകീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ പൊട്ടിത്തെറിയായി മാറിയിരിക്കുന്നത്.
അതേസമയം കുർബാന ഏകീകരണം തടയുന്നവർക്കെതിരേ നടപടി വേണം എന്ന് ആവശ്യപ്പെട്ട് സിനഡ് തീരുമാനത്തിന് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികൾ പ്ലക്കാർഡുകളുമായി ബിഷപ്പ് ഹൗസിന് മുന്നിൽ എത്തിയിരുന്നു.
Content Highlights: priests against syro malabar synad`s decesion of unified mass