തിരുവനന്തപുരം> കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനപ്രകാരം 30 വരെ സംസ്ഥാനത്ത് അതി തീവ്രമഴ സാഹചര്യം കണക്കിലെടുത്ത് കെഎസ്ഇബി എല്ലാ ഡാമുകളുടെയും റിസർവോയറുകളുടെയും സംഭരണസ്ഥിതിയും തീവ്രമഴയും നേരിടാനുള്ള നടപടി ഡയറക്ടർ ബോർഡ് തലത്തിൽ വിശകലനം ചെയ്തു.
ഇടുക്കി- ഇടമലയാർ റിസർവോയറുകളിൽ തീവ്രമഴ ഉണ്ടായാലും ആവശ്യമായ ജലം സംഭരിക്കാൻ ശേഷി ഉണ്ടെന്ന് യോഗം വിലയിരുത്തി. അലെർട്ടൊന്നും പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി ഉൽപ്പാദനം പരമാവധി ആക്കാൻ നിർദേശം നൽകി. കക്കി ബാണാസുരസാഗർ റിസർവോയറുകളിൽ നിലവിലുള്ള നീരൊഴുക്കിന്റെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആവശ്യത്തിനുള്ള ജലം സംഭരിക്കാൻ സാധിക്കും. ശബരിഗിരി പവർഹൗസിൽ ജൂലൈമുതൽ തുടർച്ചയായി വൈദ്യുതി ഉൽപ്പാദനം പരമാവധിയാണ്.
ബാണാസുരസാഗർ റിസർവോയറിലെ നീരൊഴുക്ക് പരിഗണിച്ച് ആവശ്യമെങ്കിൽ ജലം കക്കയം റിസർവോയറിലേക്ക് തിരിച്ചുവിടാൻ അനുവാദം നൽകി. താരതമ്യേന ചെറിയ സംഭരണികളായ പെരിങ്ങൽക്കുത്ത്, കല്ലാർക്കുട്ടി, മൂഴിയാർ, ലോവർ പെരിയാർ എന്നിവ സാധാരണ മഴക്കാലത്ത് നിറഞ്ഞ് ഒഴുകുന്നവയാണ്. ഇവയുടെ ജലവിതാനം ക്രമീകരിച്ച് നിയന്ത്രിത അളവിൽ താഴേക്ക് അധിക ജലം ഒഴുക്കും.
പറമ്പിക്കുളം ആളിയാർ കരാറിന്റെ ഭാഗമായ കേരള ഷോളയാർ ജലസംഭരണി, സെപ്തംബർ ഒന്നിന് പൂർണ ജലനിരപ്പായ 2663 അടി കരാർ പ്രകാരം നിറയ്ക്കേണ്ടതാണ്.
ഇപ്പോഴത്തെ ജലവിതാനം 2661.5 അടി ആണ്. നിലവിലെ കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ കേരള ഷോളയാർ പവർ ഹൗസ് പൂർണതോതിൽ പ്രവർത്തിപ്പിക്കുകയും അതോടൊപ്പം തമിഴ്നാട് ഷോളയാറിൽനിന്ന് കേരളത്തിലേക്കുള്ള നീരൊഴുക്ക് താൽക്കാലികമായി നിർത്തി ജലനിയന്ത്രണം നടപ്പാക്കും.
ഡാമുകളുടെ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരോടും അവധികൾ ഒഴിവാക്കി ഡാമുകളുടെ സുരക്ഷയ്ക്ക് ഈ മാസം 31 വരെ പൂർണസമയവും ഡ്യൂട്ടിയിൽ തുടരാൻ യോഗം ആവശ്യപ്പെട്ടു.