പുല്പള്ളി : പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച നാലംഗസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം മാരനെല്ലൂർ നീറമൻകുഴി റസൽപുരം കടയറ പുത്തൻവീട് രാജേഷ് (34), കൊല്ലം പട്ടാഴി ചെളിക്കുഴി കോക്കോട്ട് വടക്കേതിൽ പ്രവീൺ (27) എന്നിവരാണ് പിടിയിലായത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും വീടുകളിൽ നിന്നാണ് ഇരുവരെയും പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. സംഘത്തിൽ ഉൾപ്പെട്ട ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
ജൂലായ് 25-നാണ് പ്രധാനമന്ത്രിയുടെ സുരക്ഷാജീവനക്കാരെന്ന വ്യാജേന നാലംഗസംഘം ചെതലയം ഫോറസ്റ്റ് റേയ്ഞ്ചിലെ വെട്ടത്തൂർ വാച്ച് ടവറിൽ താമസിച്ചത്. വനപാലകരും സമീപത്തെ കോളനിവാസികളും ആദരവോടെയാണ് ഇവരെ പരിചരിച്ചത്. ഭക്ഷണമടക്കം വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിക്കുകയും സുരക്ഷയ്ക്കായി വാച്ചറെ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കബനീനദിയ്ക്ക് സമീപം വനമേഖലയിലാണ് വെട്ടത്തൂർ വാച്ച് ടവർ. ഭൂരിഭാഗം സമയവും വാച്ച് ടവറിനുള്ളിൽ ചെലവഴിച്ച സംഘം പ്രദേശവാസികളുമായി അടുത്തിടപഴകിയിരുന്നില്ല. പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെന്ന് കരുതി കോളനിവാസികളിൽ ചിലർ വെട്ടത്തൂരിലേക്ക് റോഡ് നിർമിക്കാൻ ഇടപെടണമെന്ന് സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികളിൽനിന്നാണ് നാലംഗസംഘം വാച്ച് ടവറിൽ താമസിക്കുന്നുണ്ടെന്ന വിവരം പോലീസ് അറിഞ്ഞത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യാജന്മാരണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനിടെ സംഘം ഇവിടെനിന്ന് മുങ്ങി. അമളി തിരിച്ചറിഞ്ഞ വനംവകുപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.