കോഴിക്കോട് /മലപ്പുറം
യുഡിഎഫിന്റെ തോൽവിക്ക് കാരണം പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന കെപിസിസി റിപ്പോർട്ടിൽ ലീഗിൽ അമർഷം. കോൺഗ്രസിന്റെ തൊഴുത്തിൽ കുത്ത് മറയ്ക്കാൻ ലീഗിന്റെമേൽ കുതിരകയറുകയാണെന്ന് അണികൾ പറയുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചതിനെ ഒരുവിഭാഗം നേതാക്കൾ തന്നെ പരസ്യമായി എതിർത്തതിനാൽ കെപിസിസി സമിതി റിപ്പോർട്ടിൽ നിലപാട് പറയാനാകാത്ത പ്രതിസന്ധിയിലുമായി ലീഗ്.
കെപിസിസി റിപ്പോർട്ടിനെതിരെ നേതാക്കൾ മൗനംപാലിക്കുന്നതിലും അണികൾക്ക് പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പുതോൽവിയെ തുടർന്നുചേർന്ന ഉന്നതാധികാരസമിതി യോഗം ലീഗിന് കാര്യമായ കോട്ടം ഉണ്ടായില്ലെന്നാണ് വിലയിരുത്തിയത്. യുഡിഎഫിനെ ഫലപ്രദമായി നയിക്കാൻ കോൺഗ്രസിനായില്ലെന്ന വിമർശവും അന്ന് ലീഗ് നേതാക്കൾ ഉയർത്തി. ഇതുതന്നെയാണ് കെപിസിസി റിപ്പോർട്ടിനെതിരെ അണികൾ നിരത്തുന്നത്. ലീഗ് കോട്ടകളിൽ മാത്രമാണ് യുഡിഎഫ് അൽപ്പമെങ്കിലും പിടിച്ചുനിന്നതെന്ന വാദവും കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഉയർത്തുന്നു.കുഞ്ഞാലിക്കുട്ടിയാണ് തോൽവിയുടെ നായകനെന്ന് ലീഗിലെ ഒരുവിഭാഗം ഭാരവാഹികൾ നേരത്തെ തുറന്നടിച്ചതാണ്. സംസ്ഥാന ഭാരവാഹി യോഗത്തിൽ ഭൂരിഭാഗവും ഇതാവർത്തിച്ചു.
ചന്ദ്രിക, മുഈൻ അലി തങ്ങൾ, എംഎസ്എഫ് വിഷയങ്ങൾ തർക്കമായപ്പോൾ രക്ഷപ്പെട്ടതായി ആശ്വസിച്ചതുമാണ്. അതിനിടെയാണ് ലീഗിലെ ചർച്ച ഏറ്റുപിടിച്ച് കെപിസിസി പുതിയ യുദ്ധത്തിന് എണ്ണ പകർന്നത്. ഇത് കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന കെ എം ഷാജിയടക്കമുള്ള നേതാക്കൾക്ക് പുതിയ വടിയായി. ശനിയാഴ്ച ലീഗ് ഉപസമിതി കോഴിക്കോട്ട് ചേരും. എന്നാൽ, യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കെടുക്കില്ലെന്നാണ് സൂചന.