തിരുവനന്തപുരം
കോവിഡിൽ പ്രതിസന്ധിയിലായ കലാസമൂഹത്തെ സഹായിക്കാൻ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത്ഭവൻ തയ്യാറാക്കിയ ‘മഴമിഴി’ മൾട്ടിമീഡിയ മെഗാഷോ ശനിയാഴ്ച ആരംഭിക്കും. വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെയാണ് തുടക്കം. കേരള പിറവി ദിനമായ നവംബർ ഒന്നുവരെ 65 ദിവസം 150 കലാരൂപം ഓൺലൈനിലൂടെ ആസ്വാദകർക്ക് മുന്നിലെത്തും. 3500 കലാപ്രതിഭകൾ അണിനിരക്കും.
വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെയാണ് അവതരണം. കലാകാരന്മാർക്ക് വേദി ഒരുക്കുന്നതിനൊപ്പം പ്രതിഫലം നൽകി കോവിഡിൽ കൈത്താങ്ങാകും. samskarikam.org വെബ്പേജിലൂടെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെയും ഫെയ്സ്ബുക്കിലൂടെയും പരിപാടി കാണാം.
കലാകാരന്മാർക്ക്
സംരക്ഷണ കേന്ദ്രം:
മന്ത്രി സജി ചെറിയാൻ
അവശ കലാകാരന്മാരെ സംരക്ഷിക്കാൻ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്രം ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കായംകുളത്തെ കെപിഎസി ആസ്ഥാനത്ത് സ്ഥിരം നാടകവേദി തയ്യാറാക്കും. സാംബശിവന്റെ പേരിൽ സ്ഥിരം കഥാപ്രസംഗ വേദിയും ഒരുക്കും.
കലാനിർമിതികൾ വിറ്റഴിക്കാൻ ജില്ലാ ആസ്ഥാനങ്ങളിൽ വിപണന കേന്ദ്രം ആരംഭിക്കും. നേരിട്ടും ഓൺലൈനായും വിൽക്കാം. രാജ്യത്തിന് പുറത്ത് മലയാളം മിഷന്റെ നേതൃത്വത്തിൽ വിൽക്കും. മഴമിഴി പദ്ധതി അഞ്ച് വർഷവും തുടരും. കൂടുതൽ തുക നൽകും. അടുത്ത ഘട്ടത്തിൽ നാടകം, കഥാപ്രസംഗം, ഗാനമേള തുടങ്ങിയവ ഉൾപ്പെടുത്തും. മഴമിഴി പുസ്തകത്തിന്റെ രൂപരേഖ ശ്രീകുമാരൻ തമ്പിക്ക് നൽകി മന്ത്രി പ്രകാശിപ്പിച്ചു. കർട്ടൻ റൈസർ വീഡിയോ ശ്രീകുമാരൻ തമ്പി സ്വിച്ച് ഓൺ ചെയ്തു. ഭാരത്ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പ്രൊഫ. കാർത്തികേയൻനായർ, ഡോ. കെ ഓമനക്കുട്ടി, വി ടി മുരളി, നേമം പുഷ്പരാജ് അഭ്രദിത ബാനർജി, സുദർശൻ കുന്നത്തുകാൽ, റോബിൻ സേവ്യർ എന്നിവരും പങ്കെടുത്തു. ശ്രീകുമാരൻ തമ്പിയെ മന്ത്രി ആദരിച്ചു.
സർക്കാരിന്റേത്
മഹത്തായ കർമം:
ശ്രീകുമാരൻ തമ്പി
മഴമിഴി പദ്ധതിയിലൂടെ കലാകാരന്മാരെ സഹായിക്കുന്ന സംസ്ഥാന സർക്കാർ ചെയ്യുന്നത് മഹത്തായ കർമമാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.