കൊല്ലം> മാധ്യമങ്ങൾക്ക് പക്ഷപാതിത്വം വേണമെന്നും അത് ജനങ്ങളോടായിരിക്കണമെന്നും സ്പീക്കർ എം ബി രാജേഷ്. ജനങ്ങൾ നൽകുന്ന ശക്തിയും സ്വാധീനവും മാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. നിർഭാഗ്യവശാൽ ഭൂരിഭാഗം മാധ്യമങ്ങളും മുതൽമുടക്കുന്നവരുടെ പക്ഷമാണെന്നും സ്പീക്കർ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിൽ ആര്യാട് ഗോപി സ്മാരക ദൃശ്യമാധ്യമപുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യത്തിന് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. മതാധിഷ്ഠിത രാഷ്ട്രവീക്ഷണം പിടിമുറുക്കുന്നു. ഇന്ത്യൻ പൗരനായ ഡാനിഷ് സിദ്ദിഖിയെ താലിബാൻ വധിച്ചപ്പോൾ എന്തുകൊണ്ട് ഇന്ത്യൻ ഭരണകൂടം അപലപിച്ചില്ല. മതാധിഷ്ഠിത രാഷ്ട്രവീക്ഷണവും ജനാധിപത്യവും ഒരുമിച്ചു പോകില്ല. അതിന് ഉദാഹരണമാണ് അഫ്ഗാൻ. മതനിരപേക്ഷതയുണ്ടെങ്കിലേ ജനാധിപത്യം പുലരൂ. ജനാധിപത്യമില്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യമില്ല. മതാധിഷ്ഠിത രാഷ്ട്രീയ വീക്ഷണത്തിനൊപ്പമാണോ മതനിരപേക്ഷ ജനാധിപത്യത്തിനൊപ്പമാണോ എന്നതിൽ മാധ്യമങ്ങൾക്ക് നിലപാടെടുക്കേണ്ടിവരും. നീതിക്കുവേണ്ടി ശബ്ദമുയർത്തിയ ഉജ്വല പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ മാധ്യമപ്രവർത്തകർക്കു കഴിയണമെന്നും സ്പീക്കർ പറഞ്ഞു.
ആര്യാട് ഗോപി സ്മാരക സമിതിയും കൊല്ലം പ്രസ് ക്ലബ്ബും ചേർന്നു നൽകുന്ന അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോർട്ടർ എൻ കെ ഷിജു, മനോരമ ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ രാജു പാവറട്ടി എന്നിവർ ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസൻ അധ്യക്ഷനായി. സെക്രട്ടറി ജി ബിജു, ആര്യാട് ഗോപി സ്മാരകസമിതി അംഗം ലാലി വി ആര്യാട് എന്നിവർ സംസാരിച്ചു.