തിരുവനന്തപുരം> തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വളരെ ബലവത്തായ ഒരു വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുമ്പോള് ശക്തമായ സാമൂഹ്യസുരക്ഷാപദ്ധതികളും അതിന്റെ ഭാഗമായുണ്ടാവുമെന്ന് കേരള ഡെവലപ്മെന്റ് ആന്ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൌണ്സില് (കെ-ഡിസ്ക്) മെമ്പര് സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന് പറഞ്ഞു. വിവിധ ഇന്ഷുറന്സ് കമ്പനികളെ ഉള്പ്പെടുത്തിയും സമാനമായ മറ്റു നടപടികള് സ്വീകരിച്ചും കുറ്റമറ്റ ഒരു സംവിധാനമാണ് സര്ക്കാര് ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യസുരക്ഷിതത്വം എല്ലാ തൊഴിലാളികള്ക്കും ഉറപ്പുവരുത്തുന്ന സമഗ്രമായ വലിയൊരു മാതൃകയാവുമതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഒരു വിജ്ഞാനസമൂഹമായി രൂപാന്തരപ്പെടുത്താനും അതുവഴി വിജ്ഞാനസമ്പദ്ഘടനയില് 20 ലക്ഷം പുതിയ തൊഴിലുകള് സൃഷ്ടിക്കാനുമായി വിദഗ്ധസംഘം തയാറാക്കിയ നയരേഖയിന്മേല് നടക്കുന്ന സംവാദങ്ങളുടെ ഭാഗമായി വിവിധ തൊഴിലാളി-സര്വീസ് സംഘടനകളുടെ ഭാരവാഹികളുമായി നടന്ന ചര്ച്ചയില് സംസാരിക്കുകയായിരുന്നു ഡോ. ഉണ്ണികൃഷ്ണന്.
വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവര്ത്തനം സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ, തൊഴില് നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും സംരംക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സിഐടിയുവിനെ പ്രതിനിധീകരിച്ചുകൊണ്ട് പി. നന്ദകുമാര് എംഎല്എ സംസാരിച്ചു. പുതിയ കാലത്ത് സ്ഥിരം തൊഴിലാളികള് എന്ന ആശയം മാറി അസ്ഥിരം തൊഴിലാളികളാണ് കൂടുതല് കണ്ടുവരുന്നത്. അവരുടെ സാമൂഹ്യസുരക്ഷയ്ക്ക് വേണ്ട നടപടികളും നയങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിജ്ഞാനസമ്പദ്ഘടനയിലേക്ക് പ്രവേശിക്കാന് ആവശ്യമായ നൈപുണ്യവികസനത്തിനുള്ള കോഴ്സുകളില് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്ക്കും അവസരമുണ്ടാകണമെന്നും, അതില് വേര്തിരിവ് ഉണ്ടാകാന് പാടില്ലെന്നും കെജിഒഎ സെക്രട്ടറി ഡോ. എസ്.ആര്. മോഹനചന്ദ്രന് അഭിപ്രായപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളില് നിലനില്ക്കുന്ന ഒഴിവുകള് കൂടി ഈ പദ്ധതിയുടെ ഭാഗമായി പരിഗണിക്കപ്പെടണമെന്ന് സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഫീസര്മാരുടെ സംഘടനയായ സ്പാറ്റോയുടെ പ്രസിഡന്റ് ബിന്ദു വി സി പറഞ്ഞു.
വയോജന-അവശരോഗി പരിപാലനം ഉള്പ്പെടെയുള്ള ജോലികള് അടങ്ങുന്ന കെയര് ഇക്കണോമിക്ക് ആവശ്യമായ നൈപുണ്യവികസനം കൂടി പദ്ധതിയില് ഉള്പ്പെടുത്തണമെന്ന് സെല്ഫ് എംപ്ലോയ്ഡ് വിമന് അസ്സോസിയേഷന് (സേവ) ജനറല് സെക്രട്ടറി സോണിയ ജോര്ജ്ജ് പറഞ്ഞു. ബൃഹത്തായ ഈ പദ്ധതിയുടെ പ്രചരണം സമൂഹത്തിന്റെ താഴേത്തലം വരെ വരേണ്ടതുണ്ടെന്ന് കേരള എന്ജിഒ യൂണിയന് സ്റ്റേറ്റ് സെക്രട്ടറി സാജന് അഭിപ്രായപ്പെട്ടു.