തിരുവനന്തപുരം: കോവിഡിന്റെ കാര്യത്തിൽസ്വയം പ്രതിരോധമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശദീകരിക്കാനായി വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ബ്രേക്ക് ത്രൂ ഇൻഫക്ഷൻ പഠനംനടത്തിയത് കേരളം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.മൂന്നാം തരംഗം നേരിടാൻ പ്രത്യേകം ജാഗ്രത വേണം. കുട്ടികളെ പ്രത്യേകം കരുതണം. ഇന്ത്യയിൽ ആദ്യമായി കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അന്നുമുതൽ ഇന്നോളം നമ്മളെല്ലാം ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചത്. പൊതുവിടങ്ങളിൽ പോകുന്നവരും ഓഫീസുകളിൽ ജോലിക്കു പോകുന്നവരും തിരിച്ച് വീടുകളിൽ എത്തുമ്പോൾ വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രതയുണ്ടാകണം. സാമൂഹിക അകലം പാലിക്കണം, കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
വാക്സിനേറ്റഡ് അല്ലാത്ത 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷിതത്വം പരിഗണിക്കണം. അവരെ ഷോപ്പിങ്ങിന് ഉൾപ്പെടെ പുറത്തുകൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾക്കൊപ്പമുള്ള ബന്ധുവീടുകളുടെ സന്ദർശനം ഒഴിവാക്കണം. ആ രീതിയിൽ കോവിഡിന്റെ വ്യാപനം ഒഴിവാക്കുന്നതിനുള്ള വ്യക്തിപരമായ ഇടപെടൽ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൽ കോവിഡിന്റെ രണ്ടാംതരംഗം ഏപ്രിൽ പകുതിയോടെയാണ് ആരംഭിച്ചത്. ഈ രണ്ടാംതരംഗത്തിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായത്മേയ് മാസം 12-നാണ്. അന്ന് 43,529 കേസാണ് റിപ്പോർട്ട് ചെയ്തത്. ടി.പി.ആർ. 29.76 ശതമാനം ആയിരുന്നു. ടി.പി.ആർ. കുറച്ചുകൊണ്ടുവരാൻ അതിനു ശേഷം നമുക്ക് സാധിച്ചു. പിന്നീട് ഈ ഘട്ടത്തിലാണ് വീണ്ടും രോഗികളുടെ എണ്ണം കൂടുന്നത്. 2020-ലെ ഓണദിവസങ്ങളിൽ 1536 ഓളം രോഗികളാണുണ്ടായിരുന്നത്.എന്നാൽ സെപ്റ്റംബർ ആയപ്പോഴേക്കും അത് മൂന്നിരട്ടിയായി വർധിച്ചു. ഒക്ടോബറിൽ രോഗികളുടെ എണ്ണം ഏഴിരട്ടിയായി വർധിച്ചു. 13,000ന് അടുത്ത് രോഗികളെത്തി. 1536ൽനിന്ന് അതിന്റെ ഏഴിരട്ടിയോളം വർധനയാണ് അന്ന് ഓണത്തിനു ശേഷമുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ടെസ്റ്റ് ചെയ്യുക, ട്രേസ് ചെയ്യുക, ചികിത്സ നൽകുക എന്നതാണ് ആരോഗ്യവകുപ്പ് ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാക്സിനേഷനാണ്. ഇന്നലെ മാത്രം 1.67 ലക്ഷം ടെസ്റ്റുകളാണ് നടന്നത്. ഇന്ന് 1.70 ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. രാജ്യത്തിന്റെ പൊതുകണക്ക് നോക്കുമ്പോൾ ടെസ്റ്റ് പെർ മില്യൺ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഓരോ കേസും തിരിച്ചറിയുക എന്നതാണ് ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം.
ഐ.സി.എം.ആറിന്റെ സെറോ പ്രിവലൻസ് പഠന പ്രകാരം, രാജ്യത്ത് രോഗം വന്ന ആളുകളുടെ എണ്ണം കുറവ് കേരളത്തിലാണ്. 42.7 ശതമാനം ആളുകൾക്ക് മാത്രമാണ് സിറോ പോസിറ്റിവിറ്റിയുള്ളത്. സിറോ പോസിറ്റിവിറ്റി രണ്ടുകാരണം കൊണ്ടുണ്ടാകാം. രോഗം കൊണ്ടും വാക്സിനേഷൻ കൊണ്ടും സിറോ പോസിറ്റിവിറ്റി ഉണ്ടാകാം. 50 ശതമാനത്തിൽ അധികം ആളുകൾ കേരളത്തിൽ രോഗികൾ അല്ലെന്നാണ് ഇത് കാണിക്കുന്നത്. അതൊരു മോശം കണക്കാണ് എന്ന് വിചാരിച്ചാൽ അങ്ങനെ അല്ല. കേരളം അവലംബിച്ച കോവിഡ് പ്രതിരോധ സംവിധാനങ്ങൾ വിജയമായിരുന്നു എന്നതാണ് ഐ.സി.എം.ആറിന്റെ സിറോ പ്രിവലൻസി പഠനം വ്യക്തമാക്കുന്നത്. അത് പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ അർഥം കേരളത്തിൽ രോഗം വരാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്നാണ്. അതുകൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി പേർക്ക് വാക്സിൻ നൽകാനായി ശ്രമിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം അണ്ടർ കൗണ്ട് സംബന്ധിച്ചാണെന്നും മന്ത്രി പറഞ്ഞു. എത്ര കേസുകൾ റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് അണ്ടർ കൗണ്ട്. ഏറ്റവും നന്നായി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് ഐ.സി.എം.ആർ. പഠനത്തിൽ പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ അണ്ടർ കൗണ്ടിങ് ഫാക്ടർ ആറാണ്. അതായത് ആറുകേസുകളിൽ ഒന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദേശീയ ശരാശരി മുപ്പത്തിമൂന്നിൽ ഒന്നാണ്. കേരളത്തിന് അടുത്തുള്ള സംസ്ഥാനങ്ങളിൽ അത് 18, 20 ഒക്കെയാണ്. പിന്നെയും വടക്കോട്ട് പോകുമ്പോൾ ചില സംസ്ഥാനങ്ങളിൽ അത് 100, 120 ഒക്കെയാണ്. അതായത് നൂറു കേസുകൾ ഉണ്ടെങ്കിൽ അതിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസ്ഥാനത്ത് കേരളത്തിൽ ആറുകേസുകളിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറയുന്നു. അണ്ടർ കൗണ്ടിങ് റേറ്റ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതിനർഥം പരമാവധി കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.
content highlights:health minister veena george press meet