തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബന്ധുവീടുകൾ സന്ദർശിക്കുന്നതും കുട്ടികളുമായി പുറത്തുപോകുന്നതും ഒഴിവാക്കണം. കോവിഡ് രണ്ടാം തരംഗം കേരളത്തിൽ ആരംഭിക്കുന്നത് ഏപ്രിലിലാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 12നും. അന്ന് 43529 രോഗികൾ ഉണ്ടായിരുന്നു. 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. കഴിഞ്ഞ ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിച്ചു.
ഇന്നലെ 167000 പരിശോധന നടത്തി. ഇന്ന് 170000 പരിശോധനകൾ നടത്തി. ഒരോ കേസും കണ്ടെത്തുകയെന്നതാണ് ലക്ഷ്യം. ഐസിഎംആറിന്റെ പഠനമനുസരിച്ച് എറ്റവും കുറവ് ആളുകൾക്ക് രോഗം വന്നത് കേരളത്തിലാണ്. കേരളം അവലംബിച്ച പ്രതിരോധ സംവിധാനങ്ങൾ മികച്ചതായിരുന്നു എന്ന് തെളിയിക്കുന്നതാണിത്.
ഏറ്റവും നന്നായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കേരളമാണ്. ആറിൽ ഒരു കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദേശീയ ശരാശരി മുപ്പത്തിമൂന്നിൽ ഒന്നാണ്. പല വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് 120ൽ ഒന്ന് എന്ന നിലയിലാണ്. 18 വയസിനു മുകളിലുള്ള 70.24% പേർക്ക് ആദ്യഡോസ് വാക്സിനും 25.51% പേർക്ക് രണ്ടാം ഡോസും നൽകാനായി. 60 വസയിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും പ്രത്യേക യജ്ഞത്തിലൂടെ വാക്സിൻ നൽകാനായി.
കോവിഡിനെ കൈകാര്യം ചെയ്യുന്നത് ശാസ്ത്രീയമായാണ് എന്നാണ് പ്രമുഖ വൈറോളജിസ്റ്റുകളുൾപ്പെടെയുള്ളവർ വ്യക്തമാക്കിയിട്ടുള്ളത്. ബ്രെക് ത്രൂ ഇൻഫെക്ഷൻ പഠനം നടത്തിയ സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഇങ്ങനെ ഒരു പഠനം നടന്നിട്ടില്ല. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ഇവിടെ ഐസിയു, വെന്റിലേറ്റർ, ആശുപത്രി സൗകര്യം എന്നിവ ആവശ്യം വരുന്നവരുടെ എണ്ണം കുറവാണ്. നിലവിൽ പൊതുമേഖലയിൽ 75% വെന്റിലേറ്ററുകളും 43% ഐസിയുകളും ഒഴിവുണ്ട്. കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് എംപാനൽ ചെയ്ത 281 സ്വകാര്യ ആശുപത്രികളുണ്ട്. 82 ശതമാനം ഡിസിസികളിലെ കിടക്കകളും ഒഴിഞ്ഞു കിടക്കുകയാണ്. 720 ഡിഡിസികളിലായി 33394 കിടക്കകൾ സജ്ജമാണ്. 6013 രോഗികളെ ഇവിടെയുള്ളു. 133 സിഎഫ്എൽടിസികളിലായി 16128 കിടക്കൾ സജ്ജമാണ്. 5090 രോഗികളാണ് ഇവിടെയുള്ളത്.
ഹോം ഐസൊലേഷൻ സൗകര്യങ്ങളില്ലത്തവർ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ ചെയ്യുന്നത്. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.