കൊച്ചി > നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ കസ്റ്റംസും എൻഐഎയും വീണ്ടും അന്വേഷണം നടത്തുന്നു. മഞ്ചേരി സ്വദേശിയായ ടി എ മുഹമ്മദ് അൻവറിനെതിരെയാണ് അന്വേഷണം. എൻഐഎ അന്വേഷിക്കുന്ന കേസിൽ ഒമ്പതാംപ്രതിയും കസ്റ്റംസ് കേസിൽ പതിനാറാം പ്രതിയുമാണ് ഇയാൾ. ആഫ്രിക്കയിലെ സിയറ ലിയോണിൽ സ്വർണഖനിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നേരത്തെ എൻഐഎ, കസ്റ്റംസ് കേസുകളിൽ മുഹമ്മദ് അൻവറിന് ജാമ്യം ലഭിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മറ്റൊരു പ്രതിയോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. നയതന്ത്രബാഗേജിൽ കടത്തിയ സ്വർണ്ണം ഏറ്റെടുത്ത് വിൽപ്പന നടത്തി എന്ന കുറ്റമാണ് നേരത്തെ ചുമത്തിയിരുന്നത്. ജാമ്യം കിട്ടിയതിനെ തുടർന്ന് പാസ്പോർട്ട് തിരികെ ലഭിച്ച മുഹമ്മദ് അൻവർ വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.