കൊച്ചി > ദേശങ്ങൾക്ക് അപ്പുറത്തുള്ള മനുഷ്യബന്ധത്തിന്റെ കഥ പറഞ്ഞ ‘കാഴ്ച’ ഇറങ്ങിയിട്ട് പതിനേഴ് വർഷം തികഞ്ഞ ദിവസമാണ് വെള്ളിയാഴ്ച. അതേ ദിവസം ഉറ്റ സുഹൃത്തും ‘കാഴ്ച’യുടെ നിർമാതാവുമായ നഷ്ടമായതിന്റെ ഞെട്ടലിലായിരുന്നു സംവിധായകൻ ബ്ലെസ്സി. സ്കൂളിലും കോളേജിലും സഹപാഠിയായിരുന്ന നൗഷാദുമായുള്ള സൗഹൃദമാണ് മലയാളികൾ നെഞ്ചേറ്റിയ കാഴ്ച എന്ന ചിത്രത്തിന് ജന്മം നൽകിയത്. തിരുവല്ല എസ്സിഎസ് ഹൈസ്ക്കൂളിലും തുടർന്ന് മാർത്തോമ കോളേജിലും ബ്ലെസ്സിയുടെ ജൂനിയറായിരുന്നു നൗഷാദ്. ഇരുവരുടേയും ആദ്യ ചിത്രമായിരുന്നു 2004 ആഗസ്റ്റ് 27ന് തിയറ്ററുകളിലെത്തിയ കാഴ്ച.
തിരുവല്ല മർത്തോമ സഭാ ആസ്ഥാനത്തെ ഓഡിറ്റോറിയത്തിൽ നൗഷാദിൻ്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
ബ്ലെസിയ്ക്കും നൗഷാദിനും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും ‘കാഴ്ച’ സമ്മാനിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം ബ്ലെസിയ്ക്ക് ലഭിച്ചപ്പോൾ ജനകീയ സിനിമയ്ക്കുള്ള അവാർഡ് നൗഷാദും ഏറ്റുവാങ്ങി. മികച്ച നടനായി മമ്മൂട്ടിയും മികച്ച ബാലതാരങ്ങളായി യഷ്, സനുഷ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
2004ലെ ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും ചിതറിക്കപ്പെട്ട പവൻ എന്ന ബാലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനുമായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ദേശം, ഭാഷ, പ്രായം എന്നീ വ്യത്യാസങ്ങൾക്കതീതമായി മാധവനും കൊച്ചുണ്ടാപ്രി എന്ന പവനും വളർത്തിയെടുക്കുന്ന സ്നേഹമാണ് കഥയുടെ പ്രധാന ആകർഷണം.