രണ്ടാം പിണറായി സർക്കാർ നൂറാം ദിവസം പിന്നിടുകയാണ്. രണ്ടാം ഇന്നിങ്സിൽ സർക്കാരിന്റെ പിഴവുകളെക്കുറിച്ചും വേണ്ട തിരുത്തലുകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശശനുമായിമാതൃഭൂമി ഡോട്ട്കോംനടത്തിയ അഭിമുഖം.
സർക്കാരിന്റെ 100 ദിവസത്തെ പ്രവർത്തനങ്ങളെ പ്രതിപക്ഷം എങ്ങനെ വിലയിരുത്തുന്നു?
സാധാരണഗതിയിൽ 100 ദിവസത്തെ പ്രവർത്തനം കൊണ്ട് ഒരു സർക്കാരിനെ വിലയിരുത്തുന്ന രീതി ശരിയല്ല. എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ ഉണ്ടായിരിക്കുന്നത് ഒരു സർക്കാരിന്റെ തുടർ ഭരണത്തിന്റെ നൂറാം ദിവസമാണ്. അതുകൊണ്ട് തന്നെ വീണ്ടും അധികാരത്തിൽ വന്ന ശേഷമുള്ള നൂറ് ദിവസത്തെ കൃത്യമായി വിലയിരുത്താൻ കഴിയും. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് സമീപനമാണ് സർക്കാർ കാണിച്ചത്. കോവിഡ് നേരിടുന്നതിൽ ഉൾപ്പടെ കേരളം പാടേ പരാജയപ്പെട്ടു. സർക്കാർ ഇപ്പോഴും തുടർഭരണം കിട്ടിയതിന്റെ മോഹാലസ്യത്തിലാണ്. അതിൽനിന്ന് ഇനിയും മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പുറത്ത് കടന്നിട്ടില്ല.
ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യയിലേക്ക് നീങ്ങുമ്പോളും നോക്കുകുത്തിയായി തുടരുകയാണ് സർക്കാർ. എന്ത് ചോദിച്ചാലും ഞങ്ങൾ കിറ്റു കൊടുത്തില്ലേ, പെൻഷൻ കൊടുത്തില്ലേ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർവ്വ മേഖലയും തകർന്നുപോയ ഒരു സംസ്ഥാനത്ത് ഇതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകുന്നതിൽ രണ്ടാം വരവിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പരാജയപ്പെട്ടു.
കോവിഡ് പ്രതിരോധത്തിൽ കേരളം ഉയർത്തിയ ദേശീയ മാതൃക പരാജയപ്പെട്ടോ?
ഇപ്പോഴുള്ള കേരളമാതൃക പരാജയമാണ്. അത് പുനഃസംഘടിപ്പിക്കണം. കുറച്ച് ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ സംവിധാനം ഹൈജാക്ക് ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടി.പി.ആറും(ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കൂടുതൽ രോഗികളും ഉള്ള സംസ്ഥാനം കേരളമാണ്. മരണനിരക്കും കൂടി. എന്നിട്ടും അതിനെ നേരിടാനുള്ള സംവിധാനം ഇവിടെ ഉണ്ടായില്ല.
ഇപ്പോൾ സർക്കാർ എല്ലാ രേഖകളും രഹസ്യമാക്കി വെക്കുകയാണ്. നേരത്തെ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ വരെ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നു. വിദഗ്ദസമിതിയിൽനിന്നുവിരുദ്ധാഭിപ്രായങ്ങൾ ഉയർന്ന് വന്നതോടെ ആ സംവിധാനം നിർത്തലാക്കി. കോവിഡ് സംബന്ധമായ ഒരു വിവരവും ഇപ്പോൾ പൊതുജനങ്ങൾക്ക് കിട്ടുന്നില്ല. മറ്റ് സംസ്ഥാനങ്ങൾ കൃത്യമായി വിവരങ്ങൾ നൽകുമ്പോൾ ഇവിടെ എല്ലാം പൂഴ്ത്തിവെക്കുകയാണ്. ഈ വിവരങ്ങൾ കൃത്യമായി പുറത്ത് വിട്ടാൽ മാത്രമേ ഇത് പഠനവിധേയമാക്കി മൂന്നാം തരംഗം നേരിടാൻ കഴിയുകയുള്ളൂ. ഇവിടെ മൂന്നാം വരവ് നേരിടാൻ തയ്യാറെടുപ്പ് നടത്തുന്നില്ലെന്ന് മാത്രമല്ല, രണ്ടാം വരവ് വളരെ ഗുരുതരമായി തുടരുകയും ചെയ്യുകയാണ്.
ഇതിനെ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി ചോദിച്ചത് പ്രതിപക്ഷത്തിന് എന്ത് പറയാൻ ഉണ്ടെന്നാണ്. കോവിഡ് പരിശോധനയിൽ പൂർണ്ണമായി ആർ.ടി.പി.സി.ആർ. ആക്കണം എന്ന് പ്രതിപക്ഷം പറഞ്ഞു, ക്വാറന്റൈൻ പൂർണ്ണമായും വീടുകളിലേക്ക് മാറ്റുന്നതിനേയും പ്രതിപക്ഷം എതിർത്തിരുന്നു. കാരണം 80 ശതമാനം വീടുകളിലും അതിന് വേണ്ട സൗകര്യമില്ല. അഞ്ചും ആറും ആളുകൾ താമസിക്കുന്ന രണ്ടു മുറി വീടുകളിൽ രോഗപ്പകർച്ച ഉണ്ടാകുമെന്ന് പ്രതിപക്ഷം അറിയിച്ചു. എന്നാൽ, ഇത് മുഖവിലക്ക് എടുത്തുകൊണ്ടുള്ള തിരുത്തലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പകരം എഫ്.എൽ.ടി.സി.(ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) അടക്കമുള്ളവ അടച്ചുപൂട്ടുകയാണ് ചെയ്തത്.
ഇതിന്റെ ഫലമായി കേരളത്തിൽ ഗുരുതര രോഗികളുടെ എണ്ണം കൂടുകയും അവർക്കുള്ള ചികിത്സാ സംവിധാനത്തിന് ക്ഷാമം നേരിട്ടു തുടങ്ങുകയും ചെയ്തു തുടങ്ങി. ഐ.സി.യുവും വെന്റിലേറ്ററുമില്ലാതെ രോഗികൾ മരിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ജനക്ഷേമ പ്രവർത്തനങ്ങൾക്കാണോ ആരോപണങ്ങൾ മറച്ചുവെക്കുന്നതിനാണോ സർക്കാർ മുൻതൂക്കം നൽകിയത്?
കഴിഞ്ഞ നൂറ് ദിവസം കൊണ്ട് സർക്കാർ ഒരു ജനക്ഷേമ പ്രവർത്തനവുംഇവിടെ നടത്തിയിട്ടില്ല. പുതുതാതായി ഒരു പ്രവർത്തനം പോലും നടത്താത്ത സർക്കാരാണിത്.കോവിഡിന്റെ സാമൂഹ്യ, സാമ്പത്തിക ആഘാതത്തെക്കുറിച്ച് പോലും പ്രതിപക്ഷം മാത്രമാണ് പഠിച്ചിട്ടുള്ളത്. കോവിഡ് ദുരന്തനിവാരണ കമ്മീഷൻ ഉണ്ടാക്കി എല്ലാ പ്രശ്നങ്ങളും പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. അതുപോലും ചെയ്യാൻ സർക്കാർ തയ്യാറായില്ല.
രണ്ടാം വരവിൽ സർക്കാരിന്റെ സമീപനം തന്നെ മാറി. മൊറോട്ടോറിയം ഇല്ല, ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് അയക്കുന്നത്. വട്ടിപ്പലിശക്കാർ സ്ത്രീകളോട് മോശമായി പെരുമാറി തുടങ്ങി. അഞ്ച് കൊല്ലം കൊണ്ട് ഒരു സർക്കാരിനെതിരെ ഉയർന്നേക്കാവുന്നതിൽ കൂടുതൽ ആരോപണങ്ങൾ നൂറു ദിവസം കൊണ്ടുണ്ടായി.
ഒന്നിനു പുറകെ ഒന്നായി ആരോപണങ്ങൾ ഉയരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സർക്കാരിന് കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ആരോപണങ്ങളിൽ നടപടി എടുക്കാനാല്ല, പ്രതിരോധിച്ച് രക്ഷ നേടാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
സർക്കാരിന്റെ പ്രധാന പാളിച്ചകൾ?
മുട്ടിൽ മരം കൊള്ള കത്തി നിൽക്കുമ്പോൾ ആരോപണവിധേയരെ മാറ്റി നിർത്തി കൃത്യമായി അന്വേഷണം നടത്തി നടപടി എടുക്കുന്നതിന് പകരം അഴിമതി പുറത്ത് കൊണ്ടുവന്നവർക്കെതിരെ കള്ള റിപ്പോർട്ടുണ്ടാക്കി അഴിമതി മറച്ചുവെക്കാനാണ് സർക്കാർ ശ്രമിച്ചത്. മരം മുറിയുടെ ധർമ്മടം ബന്ധം വെളിപ്പെടുത്തണമെന്ന് പറഞ്ഞിട്ടുപോലും മുഖ്യമന്ത്രി മൗനം തുടരുകയാണ്.
ഓൺലൈൻ പഠനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കണ്ണൂരിൽ ഫോണിന് റേഞ്ച് കിട്ടാത്തതിനാൽ പഠിക്കാൻ മരത്തിൽ കയറിയ വിദ്യാർത്ഥി വീണ് കാലൊടിഞ്ഞ സംഭവം വരെ ഉണ്ടായി. ജയിലിലുള്ള പ്രതികൾ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന വിവരം പുറത്തു വന്നിട്ടും സർക്കാർ നടപടി എടുത്തിട്ടില്ല.
കോവിഡിന്റെ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മറ്റിയേ പോലും നിയോഗിച്ചിട്ടില്ല. വാക്സിൻ വിതരണം കാര്യക്ഷമമായി നടത്തിയിട്ടില്ല. വാക്സിൻ ചലഞ്ച് ഉൾപ്പടെ നടത്തി പണം കോടികൾ ശേഖരിച്ചിട്ടും ആർക്കും വാക്സിൻ കിട്ടുന്നില്ല.
പ്രളയാനന്തര പുനർനിർമാണം പോലും പരാജയപ്പെട്ടു. ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുകയാണ് ഉണ്ടായത്. പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ പ്രശ്നം പോലും വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സർക്കാരിനായില്ല.
പ്രതിപക്ഷത്തിന്റെ നൂറ് ദിവസത്തെ എങ്ങനെ വിലയിരുത്തുന്നു?
ഏറ്റവും ക്രിയാത്മകമായി പ്രവർത്തിച്ച ഒരു പ്രതിപക്ഷമാണ് ഇത്തവണത്തേത്. ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനായി. ജനങ്ങൾക്ക് വേണ്ടി നിയമസഭയിൽഇതുപോലെവാദിച്ച ഒരു പ്രതിപക്ഷം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
കോവിഡിന്റെ പ്രത്യാഘാതങ്ങൾ സമിതിയെ വച്ച് പഠിക്കാനും അത് നിയമസഭയിൽ അവതരിപ്പിക്കാനും പ്രതിപക്ഷത്തിനായി. ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ ആവുംവിധം പ്രതിപക്ഷം കൂടെ നിന്നു. പൂർണ്ണമായും ജനങ്ങൾക്കൊപ്പം നിന്ന പ്രതിപക്ഷമാണ് ഇത്തവണത്തേത്.
സർക്കാരിന്റെ വരുംദിനങ്ങൾ എങ്ങനെയാവണമെന്നാണ് മുന്നോട്ട് വെക്കാനുള്ള നിർദ്ദേശം?
സർക്കാരിനെതിരെ ആരോപണങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനം തുടരുന്ന രീതി മാറണം. കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാകേണ്ടതുണ്ട്. മോഹാലസ്യത്തിൽനിന്നുപുറത്ത് കടന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെയാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.
content highlights: vd satheesam talking about hundred days of pinarayi government