കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ നൂറ് ദിനം പൂർത്തിയാക്കുന്ന വേളയിൽ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരിഹാസവും രൂക്ഷ വിമർശനവുമുയർത്തി പ്രതിപക്ഷവും ബിജെപിയും.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡ് നിരക്ക് ഉയർന്ന് തന്നെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ വിമർശനം. കോവിഡ് അവലോകന യോഗങ്ങൾക്ക് ശേഷം സ്ഥിരമായി മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി കുറച്ച് ദിവസങ്ങളായി മാറി നിൽക്കുന്നതും പ്രതിപക്ഷ പരിഹാസത്തിന് കാരണമായി.
ആറു മണി വാർത്താസമ്മേളനം കേരളം കൊതിക്കുന്നുവെന്നും ക്യാപ്റ്റനെ മിസ് ചെയ്യുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ ഭരണകൂടത്തിന്റെ ആദ്യ നൂറ് ദിനം നരകമല്ലാതെ മറ്റൊന്നുമല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സംഘവും കോവിഡിൽ കേരളത്തെ നമ്പർ വൺ ആക്കി. കേരളത്തിലെ ജനങ്ങളും താത്പര്യങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ വീഴ്ചകളെ ഫെയ്സ്ബുക്കിൽ അക്കമിട്ട് നിരത്തിയാണ് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥന്റെ വിമർശനം.
എൽഡിഎഫിന്റെ നൂറ് ദിനങ്ങൾ, ഒരു അവലോകനം.
– ഏറ്റവും കൂടുതൽ കോവിഡ് രോഗവ്യാപനമുള്ള സംസ്ഥാനം
– അയൽ സംസ്ഥാനങ്ങളെക്കാൾ അഞ്ചിരട്ടി കോവിഡ് മരണങ്ങൾ
– ജീവിത ഉപാധി നഷ്ടപ്പെട്ടതിൽ മനംനൊന്ത് 35 ആത്മഹത്യകൾ
– പെറ്റിയടിച്ചു സർക്കാർ ഇതുവരെ 125 കോടി രൂപ കൊയ്തപ്പോൾ എല്ലാം നഷ്ടപെട്ട ജനം നരകിക്കുന്നു
– കോവിഡ് തുടർചികിത്സക്ക് ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പണം ഈടാക്കുന്ന സംസ്ഥാനം
– രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ പട്ടിക മൂന്നു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും എന്ന് ജൂൺ മാസം പ്രഖ്യാപിച്ചിട്ടും മൂന്നു മാസമായി മറുപടിയില്ല
-കോടികണക്കിന് രൂപയുടെ മുട്ടിൽ മരം മുറി മാഫിയക്ക് ധർമ്മടം ബന്ധം, സർക്കാർ സംരക്ഷണം.
– നല്ല രീതിയിൽ കേസ് ഒത്തുതീർക്കാൻ മുൻകൈ എടുത്ത് ഫോൺ വിളിച്ച വനം മന്ത്രിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്
– സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ്
– നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന മന്ത്രിയും കൂട്ടരും വിചാരണ നേരിടാൻ ഒരുങ്ങുന്നു
– കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിലെ മുഖ്യപ്രതികൾ സോഷ്യൽ മീഡിയ താരങ്ങളായ പാർട്ടി സഖാക്കൾ
– തമിഴ്നാട് സർക്കാർ ഇന്ധന നികുതിയിൽ 3 രൂപ കുറച്ചപ്പോഴും നികുതി കുറയ്ക്കാതെ കേന്ദ്ര സർക്കാറിനോടൊപ്പം മലയാളിലെ കൊള്ളയടിക്കുന്നു
ലിസ്റ്റ് അപൂർണമാണ്, എന്നാലും മച്ചാനേ…ഇത് പോരളിയാ???? -ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാരിന് മുമ്പ് ലഭിച്ച പ്രകീർത്തനങ്ങളെ പരിഹസിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബിന്റെ പരിഹാസം..
മെൽബൺ സിറ്റിയിൽ പിണറായിക്ക്
നന്ദി പറഞ്ഞ് കൂറ്റൻ ബാനറുയർത്തുന്നു,
ഇവിടെ വേണ്ട രീതിയിൽ ചികിത്സ
കിട്ടുന്നില്ലാ എന്നും പറഞ്ഞ് ഷൈലജ
ടീച്ചർക്ക് അങ്ങ് അമേരിക്കയിൽ
നിന്നും ഫോൺ വരുന്നു,..
ഫിനാൻഷ്യൽ ടൈംസ്
വോഗ് മാഗസിൻ
പ്രോസ്പെക്റ്റ് മാഗസിൻ..
അവാർഡ്…
ഫീച്ചറ്…
കവർ ഫോട്ടോ…
ഒരൊഴിവൂല്ല്യായിരുന്നു..
ലോകാരോഗ്യ സംഘടന മുതൽ
ഐക്യരാഷ്ട്രസഭ വരെ പിണറായി
സർക്കാറിനെ
പ്രത്യേകം അഭിനന്ദിക്കുന്നു..
എന്തൊക്കെയായിരുന്നു.
പിണറായിയും, ടീച്ചറും തള്ളി മറിച്ച
അതേ കേരളത്തിലാണ്
മുപ്പതിനായിരവും കടന്ന്
കോവിഡ് കിടന്ന് തുള്ളി മറിയുന്നത്.
ആരും മിണ്ടണ്ട, മിണ്ടിയാൽ
ലോക്ക് ഡൗണാണ്.
ഭയം വേണ്ട, ജാഗ്രത മതി!
കോവിഡ് പ്രതിരോധത്തിൽ സർക്കാർ ഇതുവരെ പി.ആർ വർക്കാണ് നടത്തിയിരുന്നതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ വാദം. ഹലോ ഗുയ്സ് എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ പി.ആർ.വർക്ക് എന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടേയും മുൻ സാമൂഹിക മിഷൻ ഡയറക്ടർ ഡോ.മുഹമ്മദ് അഷീലിന്റേയും ഫോട്ടോകൾക്കൊപ്പം കുറിച്ചു.
മുങ്ങിക്കപ്പലിന് വരെ കപ്പിത്താൻ ഉണ്ടെന്നാണ് ടി.സിദ്ദീഖ് എംഎൽഎയുടെ പരിഹാസം.
കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
‘കേരളത്തില്‍, മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചതെന്നും കേരളത്തില്‍ രോഗബാധയേല്‍ക്കാന്‍ റിസ്‌ക് ഫാക്ടറുകള്‍ ഉള്ളവര്‍ ധാരാളമായി ഉണ്ടെന്നതും അറിയാത്തവരല്ല വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ വന്‍നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇത്. രോഗം വലിയ രീതിയില്‍ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് കേരളം. മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നതും, അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്..കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.’ മുഖ്യമന്ത്രി എഴുതുന്നു.
കേരളം പിന്തുടര്‍ന്ന മാതൃക തെറ്റാണെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കേരളത്തില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി കേരളം ഒരു തുളളി വാക്‌സിന്‍ പോലും കേരളം നഷ്ടപ്പെടുത്തിയിട്ടില്ലെന്നതും ഓര്‍മിപ്പിച്ചു. മൂന്നാംതരംഗത്തെ നേരിടാനുളള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്. തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്.
അനാവശ്യ വിവാദങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ‘കേരള മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും സര്‍ക്കാരിന്റെ ഉത്തരവാദിത്തം – പ്രത്യേകിച്ച് ആരോഗ്യ, ക്ഷേമ, വികസന കാര്യങ്ങളില്‍ – ഊട്ടിയുറപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ല.’ മുഖ്യമന്ത്രി എഴുതുന്നു.