കാബൂള്
കാബൂളില് സ്ഥിതി രൂക്ഷമായതോടെ രക്ഷാദൗത്യം നിര്ത്തി യൂറോപ്യന് രാജ്യങ്ങള്. ഒഴിപ്പിക്കല് നടപടി നിര്ത്തിയെന്ന് പോളണ്ട് അറിയിച്ചു. കാബൂളില് തുടരുന്നത് സുരക്ഷിതമല്ലെന്ന് ഡെന്മാര്ക്ക് പ്രതികരിച്ചു. ഡാനിഷ് പട്ടാളക്കാരും നയതന്ത്രജ്ഞരും -ഉള്പ്പെടെ ഏകദേശം 90 പേരുമായി അവസാന വിമാനം കാബൂള് വിട്ടു.
സാഹചര്യം പരിഗണിച്ച് ഒഴിപ്പിക്കന് നടപടികള് നിര്ത്തിവയ്ക്കുന്നതായി ബെല്ജിയം പ്രധാനമന്ത്രി അലക്സാണ്ടര് ഡി ക്രൂ വ്യക്തമാക്കി. ദൗത്യത്തിന്റെ ഭാഗമായ മുഴുവന് പേരെയും ബുധനാഴ്ച അഞ്ച് വിമാനത്തിലായി കാബൂളില്നിന്ന് പാകിസ്ഥാനിലേക്ക് എത്തിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെ ദൗത്യം അവസാനിപ്പിച്ച് കാബൂള് വിടുമെന്ന് ഫ്രാന്സ് അറിയിച്ചു. ചൊവ്വാഴ്ചവരെ രക്ഷാദൗത്യം തുടരുമെന്നാണ് മറ്റ് യൂറോപ്യന് രാജ്യങ്ങള് വ്യക്തമാക്കുന്നത്. 31നകം ദൗത്യം പൂര്ത്തിയാക്കി അഫ്ഗാന് വിടുമെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചു. വരും ദിവസങ്ങളില് ഒഴിപ്പിക്കല് എത്രത്തോളം പ്രായോഗികമാണെന്ന് വ്യക്തമല്ല. പൗരന്മാര് ആശങ്കപ്പെടേണ്ടതില്ലെന്നും 31നുശേഷവും ഒഴിപ്പിക്കലുമായി സഹകരിക്കുമെന്നും താലിബാന് അറിയിച്ചിട്ടുണ്ടെന്ന് ജര്മനി വ്യക്തമാക്കി.
വിമാനത്തിനു നേരെ വെടിവയ്പ്
അതിനിടെ കാബൂള് വിമാനത്താവളത്തില്നിന്ന് പറന്നുയര്ന്ന ഇറ്റാലിയൻ എയർഫോഴ്സ് വിമാനത്തിനുനേരെ വെടിവയ്പുണ്ടായതായി റിപ്പോര്ട്ടുണ്ട്. വിമാനത്തിന് കേടുപാടുകള് ഉണ്ടായിട്ടില്ല. വിമാനത്താവള പരിസരത്ത് കൂടിനിന്നവരെ പിരിച്ചുവിടാന് താലിബാന് ആകാശത്തിലേക്ക് വെടിയുതിര്ത്തതാണെന്നും വിമാനത്തെ ലക്ഷ്യമിട്ടായിരുന്നില്ല എന്നും ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ഹിന്ദുക്കളെയും സിഖുകാരെയും അഫ്ഗാനിൽ തടഞ്ഞു
ഇന്ത്യയിലേക്ക് വരാനിരുന്ന അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് വിഭാഗത്തിൽപ്പെട്ട 140 പേരെ താലിബാൻ തടഞ്ഞതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് പറഞ്ഞു. നിരവധി പേരെ താലിബാൻ തിരിച്ചയച്ചു..ഹിന്ദു, സിഖ് വിഭാഗത്തിൽപ്പെട്ട 112 അഫ്ഗാന് പൗരന്മാരെ ഇന്ത്യയിലെത്തിച്ചു.അതേസമയം അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ് വംശജരെ ഉത്തർപ്രദേശിലെ രാംപുരിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് യുപി മന്ത്രി ബൽദേവ് സിങ് ഔലാഖ് കത്തെഴുതി.