തിരുവനന്തപുരം
തർക്കം രൂക്ഷമായി തുടരുന്നതിനിടെ കെ സുധാകരൻ നൽകിയ ഡിസിസി പ്രസിഡന്റുമാരുടെ രണ്ടാം പട്ടികയും ഹൈക്കമാൻഡ് തള്ളി. മത–-സാമുദായിക ഘടകങ്ങൾകൂടി കണക്കിലെടുത്ത് ഒറ്റപ്പേരുള്ള പട്ടിക നൽകാൻ നിർദേശിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റ് കെ സുധാകരനും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ മാരത്തൺ ചർച്ച തുടരുകയാണ്.
ഇതിനിടെ ഇടഞ്ഞുനിൽക്കുന്ന ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാൻ മുതിർന്ന നേതാവ് എ കെ ആന്റണിയെ രംഗത്തിറക്കി. അന്തിമപട്ടിക പുറത്തുവരുമ്പോഴുള്ള കൂട്ടക്കലാപം ഒഴിവാക്കാനാണ് ഇത്. ഇരുവരെയും തണുപ്പിക്കാനായാൽ പ്രതിഷേധം ആളിക്കത്തില്ലെന്നാണ് വിശ്വാസം. എന്നാൽ, ആന്റണിയെ വിലവയ്ക്കേണ്ടെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പിലെ രണ്ടാം നിര നേതാക്കൾ. പാർടിയിൽ എല്ലാം നേടിയ ആന്റണി തങ്ങളുടെ വഴിമുടക്കാനിറങ്ങുകയാണെന്ന് അവർ ആരോപിച്ചു.
അതേസമയം, പോസ്റ്റർ പതിക്കലും സൈബർ പോർവിളിയും വ്യാഴാഴ്ചയും തുടർന്നു. എം കെ രാഘവനെതിരെ കോഴിക്കോട്ടും എ പി അനിൽകുമാറിനെതിരെ മലപ്പുറത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പുറത്തുവന്ന പേരുകൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാഹുൽ ഗാന്ധിക്ക് പരാതി പ്രവഹിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാടിനു പുറമേ മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും തർക്കം വ്യാപിച്ചു. കോട്ടയത്ത് നാട്ടകം സുരേഷിനു പകരം ഫിൽസൺ മാത്യൂസ്, ജോമോൻ ഐക്കര എന്നിവർക്കാണ് മുൻതൂക്കം. സാമുദായിക പരിഗണനയിലാണ് ഇത്. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനു വേണ്ടിയാണ് കടുത്ത സമ്മർദം. കോഴിക്കോട്ട് കെ മുരളീധരന്റെ നോമിനിയായ പ്രവീൺകുമാറിനെതിരെയും നീക്കം ശക്തമാണ്.