കോഴിക്കോട്: മുക്കത്ത് വാഹനം സർവീസ് ചെയ്ത് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സർവീസ് സെന്റർ ഉടമ റുജീഷിന് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം. അവധി ദിവസമായതിനാൽ ജീവനക്കാർ കുറവാണെന്നും വാഹനം സർവീസ് ചെയ്ത് നൽകാൻ താമസമുണ്ടാകുമെന്നും അറിയിച്ചതായിരുന്നു പ്രകോപനത്തിന് കാരണമെന്ന് റുജീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. റുജീഷിനെ അക്രമി സംഘം മർദ്ദിച്ച് അവശനാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ പുറത്ത് വന്നിരുന്നു.
സംഭവം ഇങ്ങനെ
തിരുവോണ ദിവസത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. മുക്കത്ത് 90സ് ഗ്യാരേജ് എന്ന പേരിലാണ് റുജീഷ് റഹ്മാനും സുഹൃത്ത് യാസറും ചേർന്ന് കാർ വാഷിങ് സെന്റർ നടത്തുന്നത്. അവധി ദിനമായതിനാൽ സർവീസ് സെന്റർ തുറന്നിരുന്നില്ല. അത്യാവശ്യമാണ് എന്ന് ഒരു പരിചയക്കാരൻ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരുവോണമായിട്ടും സെന്റർ തുറന്നത്. അപ്പോഴേക്കും ആറ് വാഹനങ്ങൾ സർവീസ് ചെയ്യുന്നതിനായി എത്തി. ഏറ്റവും ഒടുവിലാണ് ബുള്ളറ്റ് ബൈക്കുമായി യുവാവ് എത്തിയത്.
ഇയാളോട് വാഹനം ഇന്ന് സർവീസ് ചെയ്യാൻ കഴിയില്ലെന്നും നാല് ജീവനക്കാരുള്ള സ്ഥലത്ത് ഇന്ന് താൻ മാത്രമാണ് ഉള്ളതെന്നും റുജീഷ് അറിയിച്ചു. കഴിയുമെങ്കിൽ ചെയ്താൽ മതി എന്ന് പറഞ്ഞ ശേഷം യുവാവ് മടങ്ങി. ആറ് വാഹനങ്ങൾ ഒറ്റയ്ക്ക് സർവീസ് ചെയ്ത് ക്ഷീണിച്ചുവെങ്കിലും ബുള്ളറ്റിലും വെള്ളം ഒഴിച്ച ശേഷം പുറത്തേക്ക് മാറ്റി വെച്ചു.
തിരിച്ചെത്തിയ യുവാവ് ക്ഷുഭിതനായ ശേഷം സർവീസ് ചെയ്യാത്തത് എന്താണ് എന്നും, നിന്നെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ അറിയാം എന്നും പറഞ്ഞപ്പോൾ ആദ്യമേ പറഞ്ഞിരുന്നതാണല്ലോ എന്ന് റുജീഷ് ചോദിച്ചു. ഉടനെ മടങ്ങിയ യുവാവ് മറ്റ് ചിലരുമായി മടങ്ങിയെത്തി. തിങ്കളാഴ്ച പ്രവർത്തിക്കുമ്പോൾ സർവീസ് ചെയ്ത് നൽകാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ സംഘം പിരിഞ്ഞ് പോവുകയായിരുന്നു.
തിങ്കളാഴ്ച വീണ്ടും യുവാവ് എത്തിയപ്പോൾ സർവീസ് സെന്ററിൽ മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു. അതിന് ശേഷം നിങ്ങളുടെ വാഹനം സർവീസ് ചെയ്യാം എന്ന് യുവാവിനോട് പറഞ്ഞപ്പോൾ തന്റെ വണ്ടി ഇപ്പോൾ സർവീസ് ചെയ്യണമെന്നും അത് കഴിഞ്ഞ് മതി മറ്റ് വാഹനങ്ങൾ പണിയുന്നതെന്നുമായി യുവാവ്. ഓർഡർ അനുസരിച്ച് മാത്രമേ വർക്ക് ചെയ്യാൻ പറ്റുകയുള്ളൂ എന്നും ഉറപ്പായും ഇന്ന് നിങ്ങളുടെ വാഹനം സർവീസ് ചെയ്യും എന്നും അറിയിച്ചു.
അത് പറ്റില്ലെന്നും നിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാം എന്ന് പറഞ്ഞ ശേഷം കുറച്ച് സുഹൃത്തുക്കളുമായി വീണ്ടും എത്തി. ഇവരുമായി കാര്യം സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ പിന്നിൽ നിന്ന് അടിച്ച് നിലത്തിടുകയും കട്ടിയുള്ള എന്തോ ഒരു വസ്തു കൊണ്ട് കണ്ണിൽ അടിക്കുകയായിരുന്നുവെന്നും റുജീഷ് പറഞ്ഞു.
സംസാരിച്ച് നിന്ന എല്ലാവരും ചേർന്ന് കൂട്ടത്തോടെ മർദ്ദിച്ചു.അടികൊണ്ട് ചോര വാർന്ന് വീണ തന്നെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയിലെത്തിയ സംഘം പുറത്ത് നിന്ന തന്റെ സുഹൃത്തുക്കളോടും പ്രശ്നമുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു.
ഇതിനിടെ പോലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്. മർദ്ദനമേറ്റ റുജീഷിന് പത്ത് ദിവസത്തെ സമ്പൂർണ വിശ്രമത്തിന് ശേഷമാണ് ശസ്ത്രക്രിയ പറഞ്ഞിരിക്കുന്നത്.
Content Highlights: sentenced for heavy beating and attack explainsRujeesh Rahman