കൊച്ചി > ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അഞ്ച് പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി മാർട്ടിൻ ജോസഫ് അടക്കമുള്ളവർക്കെതിരെയാണ് സെൻട്രൽ പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ ഒരു വർഷത്തോളെം പൂട്ടിയിട്ട് പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഢനം. എന്നാൽ വിവാഹത്തിന് മാർട്ടിൻ തയ്യാറായില്ല. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട യുവതി ബംഗ്ലരുവിലെ സുഹൃത്തിന്റെ അടുത്ത് എത്തിയ ശേഷമാണ് പരാതി നൽകിയത്. സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി യുവതിയെ ഫ്ലാറ്റിൽ അടിമയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലൈംഗിക താൽപ്പര്യങ്ങളും പണം തട്ടലുമായിരുന്നു പ്രതിയുടെ ലക്ഷ്യം.
പ്രതികൾക്കെതിരെ ബലാൽസംഗം, അനധികൃതമായി തടങ്കലിൽ പാർപ്പിക്കൽ, വഞ്ചന, ഭീഷണി, മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേൽപിക്കൽ, തെളിവ് നശിപ്പിക്കൽ, കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ സഹായിക്കൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മാർച്ചിലാണ് യുവതി പൊലീസിന് പരാതി നൽകിയത്. ക്രൂര മർദ്ദനത്തിന്റെ ചിത്രങ്ങളും പരാതിക്കൊപ്പമുണ്ടായിരുന്നു. അന്വേഷണ സംഘം തൃശൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മാർട്ടിനെ അറസ്റ്റ് ചെയ്തത്. കാക്കാനാട്ടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിച്ചതിലും മാർട്ടിൻ പ്രതിയാണ്.