പത്തനംതിട്ട > പോസ്റ്റർ പതിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നേതാക്കളെ അപകീർത്തിപ്പെടുത്തുന്നവർ കോൺഗ്രസിന്റെ ശത്രുക്കളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശത്രുക്കൾ പാർടിക്കകത്തുമുണ്ട്. അവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സിൽ സതീശൻ പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പ് ഒരു ദിവസംകൊണ്ട് ഇല്ലാതാകില്ല. എന്നാൽ പാർടിക്ക് മീതെ ഗ്രൂപ്പ് വളരുന്നത് ഭീഷണിയാണ്. ബഹളമുണ്ടാക്കുക മാത്രമല്ല പ്രതിപക്ഷം ചെയ്യേണ്ടത്. രമേശ് ചെന്നിത്തല മോശമായിരുന്നു എന്ന് അഭിപ്രായമില്ല. നേതൃത്വത്തിൽ വ്യക്തികൾ മാറുമ്പോൾ പ്രവർത്തനരീതിയിലും അടിസ്ഥാനപരമായി മാറ്റമുണ്ടാകും.
സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമല്ല. എല്ലാവർക്കും ആർടിപിസിആർ പരിശോധനയാക്കണം. കോവിഡ് സാഹചര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നോട്ടീസ് അയക്കുന്നത് നിർത്തിവയ്പ്പിക്കണം. മുട്ടിൽ മരംമുറിക്കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.