കോഴിക്കോട് > മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് ടെർമിനലിലെ ഷോപ്പിങ് കോംപ്ലക്സ് തുറന്നു. ‘മാക് ട്വിൻ ടവർ’ എന്ന് പേരിട്ട വാണിജ്യകേന്ദ്രത്തിന്റെ താക്കോൽ ഗതാഗത മന്ത്രി ആന്റണി രാജു ആലിഫ് ബിൽഡേഴ്സ് ചെയർമാൻ കെ വി മൊയ്ദീൻ കോയക്ക് കൈമാറി. ഇതോടെ ആറ് വർഷമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. നൂറുദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ഉദ്ഘാടനം.
കെഎസ്ആർടിസി ടെർമിനൽ ‘മാക് ട്വിൻ ടവർ’ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ഒന്നാം നിലയിൽ ചെറുകിട കച്ചവടക്കാരെ ഉൾപ്പെടുത്തിയുള്ള മാക് മാൾ ഒരുക്കുമെന്ന് ആലിഫ് ബിൽഡേഴ്സ് എംഡി അബ്ദുൾ കലാം പറഞ്ഞു.
വസ്ത്രശാല, മൊബൈൽ ഷോപ്പുകൾ, ഭക്ഷണശാല എന്നിവയുണ്ടാകും. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. രണ്ട് മാസത്തിനുള്ളിൽ മാളിന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാക്കുകയാണ് ലക്ഷ്യം. 2009ലാണ് മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാൻഡ് പൊളിച്ച് ടെർമിനൽ നിർമാണം ആരംഭിക്കുന്നത്. 75 കോടി രൂപ ചെലവിലായിരുന്നു നിർമാണം. 2015ൽ പൂർത്തിയായി. ആദ്യ കരാർ ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് വീണ്ടും ടെൻഡർ നടപടി ആരംഭിക്കുന്നതും ആലിഫ് ബിൽഡേഴ്സുമായി ധാരണയിൽ എത്തുന്നതും. 30 വർഷത്തേക്കാണ് കരാർ. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43. 2 ലക്ഷം രൂപ വാടകയും നൽകും.
മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. കെഎസ്ആർടിസിക്ക് വേണ്ടി എംഡി ബിജു പ്രഭാകറും കെടിഡിഎഫ്സിക്കുവേണ്ടി ഡോ. ബി അശോകും, ആലിഫ് ബിൽഡേഴ്സ് എംഡി അബ്ദുൾകലാമിനും പാർട്ണർ മൊയ്തീൻ കോയക്കും ധാരണാപത്രം കൈമാറി. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.