രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് മുൻപുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇത്രയും ദിവസത്തെ ഇളവേള നിശ്ചയിച്ചത് വാക്സിൻ്റെ ഫലപ്രാപ്തിയുടെ പേരിലാണോ എന്നും വാക്സിൻ ലഭ്യതയുടെ കുറവ് മൂലമാണോ എന്നും കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സർക്കാരിന്റെ മറുപടിയായിട്ടാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
കൊവാക്സിൻ സ്വീകരിച്ചതിനാൽ സൗദിയിൽ പോകാൻ തടസം നേരിട്ടെന്നും വിദേശത്ത് അംഗീകാരമുള്ള വാക്സിനെടുക്കാൻ അനുവദിക്കണമെന്നും വ്യക്തമാക്കി കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് മൂന്നാം ഡോസ് നൽകാനുള്ള വ്യവസ്ഥ നിലവിൽ ഇല്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. “മൂന്നാമത് ഒരു ഡോസെടുക്കാൻ ഹർജിക്കാരൻ കാത്തിരിക്കേണ്ടിവരും. വീണ്ടും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ പുരോഗമിക്കുകയാണ്. മാർഗനിർദേശങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല” – എന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചയാൾക്ക് 84 ദിവസത്തിന് മുൻപ് രണ്ടാം ഡോസ് നൽകാൻ അനുവാദം നൽകണമെന്ന് വ്യക്തമാക്കി കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ട് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാൻ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
കമ്പനി ജീവനക്കാർക്ക് രണ്ടാം ഡോസ് നൽകാൻ 12,000 ഡോസ് വാക്സിൻ കിറ്റെക്സ് കമ്പനി വാങ്ങിയിരുന്നു. ഈ വാക്സിൻ നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചിട്ട് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാൻ അനുമതി ലഭിച്ചില്ലെന്നാണ് കമ്പനി അധികൃതർ കോടതിയിൽ പറഞ്ഞത്.