ന്യൂഡൽഹി> കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ അടക്കം ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയില് നിയമിക്കാന് കൊളീജിയം നൽകിയ ശുപാർശ കേന്ദ്രം അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ കൊളീജിയം സമർപ്പിച്ച നിർദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടികയിൽ 3 പേർ വനിതാ ജഡ്ജിമാരാണ്.
ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരുമിച്ച് കൊളീജിയം ശുപാർശ ചെയ്യുന്നത്. ഇതിൽ കർണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജിമാർ.
കര്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര് മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ് എന്നിവരാണ് നിയമിതരാകുന്ന മറ്റ് ജഡ്ജിമാര്. മുന് അഡീഷണല് സോളിസിറ്റര് ജനറല് പി എസ് നരസിംഹയെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കാനും ശുപാർശ നൽകിയിരുന്നു.
രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില് ഏറ്റവും സീനിയറാണ് ജസ്റ്റിസ് അഭയ് ഓഖ.
സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കൊളീജിയം തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.