തൃശ്ശൂർ: പഞ്ചവാദ്യ രംഗത്തെ പ്രമുഖനായ മദ്ദള കലാകാരൻ തൃക്കൂർ രാജൻ (83) അന്തരിച്ചു. 2011-ൽ കേരള സംസ്ഥാന സർക്കാറിന്റെ പല്ലാവൂർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ അഞ്ച് പതിറ്റാണ്ടുകളായി പ്രവർത്തിച്ചിട്ടുള്ള തൃക്കൂർ രാജൻ, തൃശൂർപൂരം ഉൾപ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനായിരുന്നു. വരടിയം കവി നഗറിലായിരുന്നു താമസം.
മദ്ദളവിദ്വാനായിരുന്ന തൃക്കൂർ കിഴിയേടത്ത് കൃഷ്ണൻകുട്ടിമാരാരുടെയും മെച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും മക്കളിൽ നാലാമനായാണ് രാജൻ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സിൽ തൃക്കൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മദ്ദളം സ്റ്റൂളിൽവെച്ച് കേളി അരങ്ങേറ്റം നടത്തി. തുടർന്ന് പരിപാടികളിൽ സ്ഥിരമായി പങ്കെടുത്തുതുടങ്ങി.
നെന്മാറ വേലയ്ക്കാണ് ആദ്യമായി മദ്ദളപ്രമാണിയായി രാജൻ രംഗത്തുവരുന്നത്. തൃശ്ശൂർപൂരത്തിൽ ആദ്യവർഷം തിരുവമ്പാടിക്കുവേണ്ടിയാണ് കൊട്ടിയത്. തുടർന്ന് പാറമേക്കാവ് പഞ്ചവാദ്യത്തിലെ മദ്ദളനിരയിലെത്തി. പ്രസിദ്ധ മദ്ദളകലാകാരന്മാരായ കടവല്ലൂർ ഗോവിന്ദൻനായർ, ചാലക്കുടി നാരായണൻ നമ്പീശൻ, തൃക്കൂർ ഗോപാലൻകുട്ടിമാരാർ എന്നിവർക്കുശേഷം തിമിലാചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാർക്കൊപ്പം പാറമേക്കാവ് വിഭാഗത്തിലെ മദ്ദളപ്രമാണിയായി.
ഉത്രാളിപ്പൂരം, നെന്മാറവേല, ഗുരുവായൂർ, തൃപ്പൂണിത്തുറ, തൃക്കൂർ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രോത്സവങ്ങൾക്ക് മദ്ദളക്കാരനും പ്രമാണിയുമായി തൃക്കൂർ രാജൻ വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ സോവിയറ്റ് യൂണിയനിൽനടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന് നേതൃത്വംനൽകിയത് തൃക്കൂർ രാജനാണ്.
ഭാര്യ: ചേലേക്കാട്ട് ദേവകിയമ്മ. മക്കൾ: സുജാത, സുകുമാരൻ, സുധാകരൻ, സുമ.
Content Highlights:Maddalam artist Thrikkur Rajan passes away