കൊല്ലം> എൻസിപി നേതാവിനെതിരായ പീഡനപരാതിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് റിപ്പോർട്ട്. ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാർ റൂറൽ എസ്പി കെ ബി രവിക്കാണ് റിപ്പോർട്ട് നൽകിയത്.
എൻസിപി നേതാവിനെതിരായ ബിജെപി പ്രവർത്തകയുടെ പീഡനപരാതി പിൻവലിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. ‘നല്ല രീതിയിൽ വിഷയം പരിഹരിക്കണം’ എന്നുമാത്രമാണ് എൻസിപി നേതാവായ യുവതിയുടെ അച്ഛനോട് മന്ത്രി ഫോണിൽ പറഞ്ഞത്. മന്ത്രി ഇരയുടെ പേര് പറയുകയോ ഇരയ്ക്കെതിരെ പരാമർശം നടത്തുകയോ ചെയ്തിട്ടില്ലെന്ന് നിയമോപദേശത്തെ ഉദ്ധരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ യൂത്ത് ലീഗ് നേതാവാണ് പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. പരാതിക്കാരൻ മൊഴി നൽകാൻ ഹാജരായില്ലെന്നും പരാതിക്ക് ആധാരമായ തെളിവ് സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.