ദുബായ്: ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 151 റൺസിന് ജയിച്ച ഇന്ത്യ പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ ഒന്നാമതെത്തി. 14 പോയിന്റാണ് ഇന്ത്യക്കുളളത്.
മഴ മൂലം സമനിലയിലായ ആദ്യ മത്സരത്തിൽ നിന്നും നാല് പോയിന്റും ലോർഡ്സിലെ ജയത്തിൽ നിന്നും 12 പോയിന്റുമാണ് ഇന്ത്യക്ക് ലഭിച്ചത്. ആകെ 16 പോയിന്റ് ലഭിച്ച ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രണ്ടു പോയിന്റുകൾ നഷ്ടമായി. അങ്ങനെയാണ് 14 പോയിന്റായത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നിയമം അനുസരിച്ച്, ഓരോ കുറഞ്ഞ ഓവർ നിരക്കിനും ഒരു പോയിന്റ് നഷ്ടമാകും. ജയിക്കുന്ന ഒരു മത്സരത്തിന് 12 പോയിന്റും ടൈ ആകുന്ന മത്സരത്തിന് ആറ് പോയിന്റുമാണ് ലഭിക്കുക. സമനിലയിൽ ആയാൽ നാലും.
വെസ്റ്റ് ഇൻഡീസിനെ 109 റൺസിന് തോൽപ്പിച്ച് പരമ്പര സമനിലയിലാക്കിയ പാക്കിസ്ഥാനാണ് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. 12 പോയിന്റുകളാണ് പാക്കിസ്ഥാന്. ആദ്യ മത്സരം ജയിച്ച വെസ്റ്റ് ഇൻഡീസിനും 12 പോയിന്റുകളാണുള്ളത്. അവർ മൂന്നാമതാണ്.
Also read: ലീഡ്‌സിൽ ലീഡ് ഉറപ്പിക്കാൻ ഇന്ത്യ, തിരിച്ചടിക്കാൻ ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റ് ഇന്ന്
രണ്ടു പോയിന്റുമായി ഇംഗ്ലണ്ടാണ് നാലാമത്. ആദ്യ ടെസ്റ്റിൽ കുറഞ്ഞ നിരക്കിന്റെ പേരിൽ അവർക്കും പോയിന്റ് നഷ്ടമായിട്ടുണ്ട്. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ലീഡ്‌സിൽ ആരംഭിക്കും.
പുതിയ പട്ടിക 2023 വരെ തുടരുന്നതാണ്. കഴിഞ്ഞ ജൂണിൽ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലൻഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് വിജയികൾ ആയിരുന്നു.
The post ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ ഇന്ത്യ ഒന്നാമത് appeared first on Indian Express Malayalam.