കൊച്ചി > തൃക്കാക്കരയിലെ പണക്കിഴി വിവാദം കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമെന്ന് വരുത്തി ഒതുക്കി തീർക്കാൻ നീക്കം. ഐ ഗ്രൂപ്പുകാരിയായ ചെയർപേഴ്സൺ അജിത തങ്കപ്പനെ പുറത്താക്കാൻ എ ഗ്രൂപ്പ് നടത്തിയ നീക്കത്തിന്റെ ഭാഗമാണ് പണക്കിഴി വിവാദമെന്നാണ് ഡിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ നിഗമനം. റിപ്പോർട്ടിനെതിരെ നഗരസഭയിലെ എ വിഭാഗം കൗൺസിലർമാർ രംഗത്തുവന്നു. ഐ ഗ്രൂപ്പിലെ കൗൺസിലർമാരിൽ നിന്നു മാത്രമാണ് അന്വേഷണ കമ്മീഷൻ തെളിവെടുത്തതെന്നും ഗ്രൂപ്പിന്റെ പേരുപറഞ്ഞ് നേതൃത്വം തെറ്റുകാരെ സംരക്ഷിക്കുകയാണെന്നും എ വിഭാഗം പരസ്യമായി പ്രതികരിച്ചു.
അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നൽകിയ സംഭവം വിവാദമായതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിർദേശപ്രകാരം ഡിസിസിയിൽ തെളിവെടുപ്പ് നടന്നത്. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ എക്സ് സേവ്യർ എന്നിവരായിരുന്നു അന്വേഷണ സമിതിയംഗങ്ങൾ. ചെയർപേഴ്സൺ അജിത തങ്കപ്പൻ, ഐ വിഭാഗക്കാരായ സ്ഥിരംസമിതിയംഗങ്ങൾ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപിള്ളി, സോമി റെജി, സ്മിത സണ്ണി, സുനീറ ഫിറോസ്, മുൻ നഗരസഭ ചെയർമാൻ ഷാജി വാഴക്കാല എന്നിവരിൽ നിന്ന് മൊഴിയെടുത്തു. അജിത തങ്കപ്പൻ പണം നൽകിയെന്ന് പരസ്യമായി പറഞ്ഞ വി ഡി സുരേഷ് ഉൾപ്പെടെ ഐ വിഭാഗം കൗൺസിലർമാരെ തെളിവ് നൽകാൻ വിളിച്ചില്ല. 16 കോൺഗ്രസ് അംഗങ്ങളുള്ളതിൽ ഏഴുപേരെ മാത്രമാണ് തെളിവെടുപ്പിന് വിളിപ്പിച്ചത്. ശേഷിക്കുന്നവരിൽ എട്ടംഗങ്ങൾ എ ഗ്രൂപ്പുകാരാണ്. തെളിവെടുപ്പിന് ഹാജരായ ഐ ഗ്രൂപ്പുകാരിൽ ഭൂരിഭാഗം പേരും വിവാദം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നിട്ടും ഗ്രൂപ്പ് പോരിനെ പഴിച്ച് ഗുരുതര അഴിമതി ആരോപണത്തിന് മറയിടാനാണ് ഡിസിസി നേതൃത്വം ശ്രമിച്ചത്.
പണക്കിഴി ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിൽ കോൺഗ്രസ് കൗൺസിലർമാരിൽ ചിലർ പുറത്തുവിട്ട ശബ്ദ സന്ദേശവും അന്വേഷണസമിതി പരിഗണിച്ചില്ല. റിഗപ്പാർട്ട് അടുത്തദിവസം കെപിസിസിക്ക് കൈമാറും.
ആരോപണമുന്നയിച്ചവരെയും തെളിവുകൾ പുറത്തുവിട്ടവരെയും കേൾക്കാതെ അന്വേഷണ കമ്മീഷൻ എങ്ങനെ നിഗമനത്തിലെത്തി എന്നാണ് എതിർ പക്ഷത്തിന്റെ ചോദ്യം. അഴിമതിക്കാരൊയ സ്വന്തം ഗ്രൂപ്പുകാരെ സംരക്ഷിക്കാനാണിത്. എട്ടുമാസം പിന്നിട്ട നഗരഭരണത്തിനെതിരെ നിരവധി അഴിമതി ആരോപണമുണ്ട്. ഒന്നിലും നേതൃത്വം ഇടപെട്ടില്ല.
നേതൃത്വത്തിന്റെ അറിവോടെയാണ് പലതും നടക്കുന്നത്. ഒരു സ്വതന്ത്രാംഗത്തിന്റെ പിന്തുണയിലാണ് യുഡിഎഫ് ഭരണം. അഴിമതിക്കാരെ സംരക്ഷിച്ചും അതു നിലനിറുത്താനാണ് ശ്രമമെന്നും ഗ്രൂപ്പ് കളിക്കുന്നത് നേതൃത്വമാണെന്നും എതിർ വിഭാഗം ആരോപിക്കുന്നു. എന്നാൽ പാർട്ടി അന്വേഷണ കമ്മീഷൻ ക്ലീൻചിറ്റ് നൽകിയാലും പരാതിയിൽ ആരംഭിച്ച വിജിലൻസ് അന്വേഷണം കോൺഗ്രസിന് കീറാമുട്ടിയാകും. എൽഡിഎഫ് നൽകിയ പരാതിയിൽ കേസെടുത്ത വിജിലൻസ് എറണാകുളം യൂണിറ്റ് ബുധനാഴ്ച നഗരസഭാ ഓഫീസിലെത്തിയിരുന്നു.