ലീഡ്സ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും. ഹെഡിങ്ലിയിലെ ലീഡ്‌സിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3:30 നാണ് മത്സരം. ജയത്തോടെ പരമ്പരയിൽ ലീഡ് ഉറപ്പിക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക. തിരിച്ചടിച്ചു രണ്ടാം മത്സരത്തിൽ ഏറ്റ തോൽവിയുടെ ഭാരം കുറക്കുക എന്നതാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ അവസാന ദിനം ആവേശകരമായ ജയം സ്വന്തമാക്കിയതിന്റെ പൂർണ ആത്മവിശ്വാസവും ഇന്ത്യൻ ടീമിന് കൂട്ടായി ഉണ്ടാകും.
ഓപ്പണിങ്ങിൽ രോഹിത് ശർമ്മ , കെ.എൽ.രാഹുൽ കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിങ് നിരയുടെ ഏറ്റവും വലിയ കരുത്താണ്. ഏറ്റവും പ്രയാസകരമായ ഘട്ടത്തിലും ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ ഇരുവർക്കും സാധിക്കും.
മായങ്ക് അഗർവാൾ പരുക്കേറ്റ് പുറത്തായതിനെ തുടർന്ന് അവസാന ഇലവനിൽ സ്ഥാനം പിടിച്ച രാഹുലിന്റെ ആത്മവിശ്വാസം ഓരോ കളികളിലും വർധിച്ചിട്ടുണ്ട്. ഏത് പന്താണ് കളിക്കേണ്ടത് ഏതാണ് വിട്ടു കളയേണ്ടത് എന്ന് കൃത്യമായി മനസിലാക്കി കളിക്കുന്ന രാഹുൽ ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ ടീമിന് മുതൽക്കൂട്ടാണ്.
രോഹിതും മികച്ച ഫോമിലാണ്. എന്നാൽ ഏത് സമയത്താണ് തന്റെ പുൾ ഷോട്ട് പുറത്തെടുക്കേണ്ടതെന്ന് രോഹിത് ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പരമ്പരയിൽ ഇതുവരെ രണ്ടു തവണ പുൾ ഷോട്ടിന് ശ്രമിച്ചു പുറത്തായിട്ടുണ്ട്.
ക്യാപ്റ്റൻ കോഹ്ലി 2019 നവംബറിനു ശേഷം സെഞ്ചുറി രഹിതനാണ്. കഴിഞ്ഞ മത്സരങ്ങളിൽ നല്ല തുടക്കം ലഭിച്ചെങ്കിലും അതൊന്നും വലിയ സ്കോറിലേക്ക് എത്തിക്കാൻ ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. കോഹ്‌ലിയിൽ നിന്നും ടീമും ആരാധകരും പ്രതീക്ഷിക്കുന്നത് ഒരു തിരിച്ചുവരവാണ്.
ചേതേശ്വർ പൂജാരയുടെയും രഹാനെയുടെയും ഫോമും ടീമിന് ആശങ്കയാണ്. എന്നാൽ ലോർഡ്‌സിൽ രണ്ടാം ടെസ്റ്റിൽ 50 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് മത്സരം അവസാന ദിവസത്തിലേക്ക് എത്തിച്ചത്.
റിഷഭ് പന്ത് പതിവ് ശൈലി പുറത്തെടുക്കാനാണ് സാധ്യത. ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജ നല്ല കളി പുറത്തെടുക്കുന്നുണ്ട്. ടീമിൽ ഇടം കയ്യൻ സ്പിന്നർ എന്നതിലുപരി ബാറ്റ്സ്മാൻ എന്ന നിലയിലാണ് ജഡേജ ഇപ്പോൾ തിളങ്ങുന്നത്.
ലീഡ്‌സിലെ പിച്ചും പേസിനെ തുണക്കുന്നതാകും എന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിലെ നാല് പേസർമാരെയും നിലനിർത്തിയേക്കും. ഈ മത്സരത്തിലും അശ്വിന് സാധ്യതയില്ലെന്നാണ് കോഹ്ലിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ നിന്നും മനസിലാകുന്നത്. ടീമിൽ മാറ്റം ആവശ്യമില്ലെന്ന് കോഹ്ലി വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.
Also read: പ്രകോപിപ്പിച്ചാലൊന്നും ഈ ഇന്ത്യൻ ടീം പിന്നോട്ട് പോകില്ല: വിരാട് കോഹ്ലി
ശാർദൂൽ താക്കൂർ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട് എന്നാൽ കോഹ്ലി നൽകുന്ന സൂചന അനുസരിച്ചു കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇഷാന്തിനു പകരം ശാർദൂൽ എത്താനുള്ള സാധ്യത കുറവാണ്. ബോളിങ് നിരയിൽ മുഹമ്മദ് സിറാജ് ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം വളരെ കൃത്യതയോടെയാണ് സിറാജ് പന്തെറിഞ്ഞത്.
അവസാനമായി 2002ലാണ് ഇന്ത്യ ലീഡ്‌സിൽ ടെസ്റ്റ് കളിച്ചത്. അന്ന് ഇന്നിങ്സിലും 46 റൺസിനും ഇന്ത്യ ജയിച്ചിരുന്നു. നിലവിലെ ഇന്ത്യൻ ടീമിലെ ആരും തന്നെ ലീഡ്‌സിൽ കളിച്ചട്ടില്ല. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തെ എങ്ങനെയാണു ടീം നേരിടുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
മറുവശത്ത് ഏകദിന താരം ഡേവിഡ് മലാനെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഹസീബ് ഹമീദിനെ ഓപ്പണിങ്ങിലേക്ക് അയച്ച് ഡേവിഡിനെ മൂന്നാമതായി ഇറക്കാൻ ആണ് സാധ്യത. എന്തായാലും കൂടുതൽ റൺസ് നേടി ക്യാപ്റ്റൻ ജോ റൂട്ടിന് പിന്തുണ നൽകുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് ഉണ്ട്. ബോളിങ്ങിൽ പരുക്കേറ്റ മാർക്ക് വുഡ് ഇന്ന് കളിക്കില്ല. ടീമിൽ ബാക്കി എല്ലാ താരങ്ങളും മത്സരത്തിനു പൂർണമായും ഫിറ്റ് ആണെന്ന് ജോ റൂട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
The post ലീഡ്‌സിൽ ലീഡ് ഉറപ്പിക്കാൻ ഇന്ത്യ, തിരിച്ചടിക്കാൻ ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റ് ഇന്ന് appeared first on Indian Express Malayalam.