കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സി.ബി.ഐക്കും ഇ.ഡിക്കും നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു.
നിലവിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അന്വേഷണം നടത്തുന്നത്. എന്നാൽ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പുനടന്ന സംഭവത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നാണ് കോടതിയുടെ ചോദ്യം. കേസിലെ അന്വേഷണ പുരോഗതി സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികൾ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണവുമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ പണം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ച സാഹചര്യത്തിൽ കേസിൽ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്ക് നോട്ടീസയയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം തേടി.
Content Highlights: High Court demands CBI probe in Karuvannur Bank Fraud case