കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം ചെയർപേഴ്സണെ കുടുക്കാൻ നടന്ന ആസൂത്രിത നീക്കമെന്ന് കോൺഗ്രസ് റിപ്പോർട്ട്. കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണ് വിവാദമെന്നാണ് പ്രാഥമിക നിഗമനം. കോൺഗ്രസ് നേതൃത്വത്തിന് അന്വേഷണ റിപ്പോർട്ട് കൈമാറും.
തൃക്കാക്കര നഗരസഭാചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന പരാതി വിവാദമായതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശപ്രകാരം തെളിവെടുപ്പ് നടന്നത്. തുക കൈമാറ്റം ബോധ്യപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നു പാർട്ടി നേതൃത്വം മുന്നറിയിപ്പു നൽകിയിരുന്നു.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കമാണ് ഇത്തരമൊരു വിവാദത്തിലേക്കെത്തിയതെന്നാണ് തെളിവെടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. ചെയർപേഴ്സണെ മാറ്റുന്നതിന് ഇടത് കൗൺസിലർമാരുമായി ചേർന്ന് പാർട്ടിക്കകത്തെ ചിലർ നീക്കങ്ങൾ നടത്തിയെന്നും അതിന്റെ ഭാഗമായാണ് വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്സ്. സേവ്യർ എന്നിവരാണ് ഇതുസംബന്ധിച്ച തെളിവ് ശേഖരിച്ചത്. സംഭവവുമായി ബന്ധമുള്ളവരെ ഡി.സി.സി. ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്.
ഓണസമ്മാനമായി 10,000 രൂപ കിട്ടിയിട്ടില്ലെന്നും ചെയർപേഴ്സൺ പണം കവറിൽ കൊടുക്കുന്നത് നേരിൽ കണ്ടിട്ടില്ലെന്നുമാണ് തെളിവെടുപ്പിൽ ഭൂരിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പറഞ്ഞത്. എന്നാൽ, പങ്കുള്ളതായി സംശയിക്കുന്നുവെന്ന മൊഴിയും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാരംഭിച്ച തെളിവെടുപ്പിൽ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെയാണ് ആദ്യം വിളിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപിള്ളി, സോമി റെജി, സ്മിത സണ്ണി, സുനീറ ഫിറോസ്, മുൻ നഗരസഭ ചെയർമാൻ ഷാജി വാഴക്കാല എന്നിവരും അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരായി. ഒറ്റയ്ക്കു വിളിച്ചാണ് തെളിവെടുത്തത്. ഓരോരുത്തർക്കും അര മണിക്കൂർ സമയം നൽകി. ഭരണം ലഭിച്ചതുമുതൽ ഓണസമ്മാന വിവാദങ്ങളും പ്രശ്നങ്ങളുംവരെ അന്വേഷത്തിന്റെ ഭാഗമായിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിഭാഗം പേരും ഓണക്കോടിക്കൊപ്പം കവറിൽ 10,000 രൂപ കിട്ടിയിട്ടില്ലെന്നും ഇത് മറ്റു കൗൺസിലർമാർക്കു നൽകുന്നതു കണ്ടിട്ടില്ലെന്നും പറഞ്ഞു. ചിലർ സംഭവത്തിൽ ചെയർപേഴ്സനു പങ്കുള്ളതായി സംശയിക്കുന്നുവെന്ന് മൊഴി നൽകി. പ്രതിപക്ഷത്തെ എൽ.ഡി.എഫ്. കൗൺസിലർമാരുമായി ഗ്രൂപ്പുകളിച്ച് കോൺഗ്രസ് അംഗങ്ങളിൽ ചിലർ ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും പരാതി നൽകി.
അജിത പണം നൽകിയിട്ടില്ലെന്ന നിഗമനത്തിൽ തന്നെയാണ് ഡിസിസിയും എത്തിയിരിക്കുന്നത്. പക്ഷേ അപ്പോഴും വെല്ലുവിളിയാകുന്നത് കോൺഗ്രസ് കൗൺസിലർമാർ തന്നെ പുറത്തുവിട്ടിരിക്കുന്ന ചില ശബ്ദസന്ദേശങ്ങളാണ്. തങ്ങൾക്ക് കവർ നൽകിയിരുന്നു അത് തിരിച്ചുനൽകിയെന്നാണ്കൗൺസിലർമാർ പറയുന്നത്. അതിനാൽതന്നെ ഡിസിസി അജിതക്ക് ക്ലീൻചിറ്റ് നൽകുമ്പോഴും പണക്കിഴി വിവാദത്തെ എങ്ങനെ മറികടക്കാനാമെന്ന വെല്ലുവിളി ബാക്കിയാകുകയാണ്.
കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ് മറ്റൊരു വെല്ലുവിളി. ഈ അന്വേഷണം മുന്നോട്ടുപോവുകയാണെങ്കിൽ ഇത് ക്രിമിനൽ സ്വഭാവമുളള കേസായി മാറും.നിലവിൽ ഗ്രൂപ്പ് കളിക്ക് വഴങ്ങേണ്ടതില്ലെന്നും ചെയർപേഴ്സണെ മാറ്റേണ്ടതില്ലെന്നുമുളള തീരുമാനത്തിലാണ് ഡിസിസി.