കേസിലെ പ്രതിയായ ആൻ്റോ അഗസ്റ്റിനും മരംമുറിക്കേസിൽ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനായ എൻ ടി സാജനും തമ്മിൽ നാലുമാസത്തിനിടെ 86 തവണ ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, മാധ്യമപ്രവർത്തകനായ ദീപക് ധർമടവും പ്രതികളായ ആൻ്റോ അഗസ്റ്റിനും റോി അഗസ്റ്റിനും തമ്മിൽ 107 തവണ ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥൻ ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പറും ഉപയോഗിച്ച് പ്രതികളുമായി ബന്ധപ്പെട്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read:
മുട്ടിൽ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനായ സമീറിനെ മണിക്കുന്നുമലയിലെ സ്വകര്യഭൂമിയിൽ മരം മുറിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുടുക്കിയത്. എന്നാൽ സമീർ ചുമതലയേൽക്കുന്നതിനു മുൻപായിരുന്നു ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് സമർപ്പിച്ച ഫെബ്രുവരി 15ന് പ്രതികളും സാജനും തമ്മിൽ പന്ത്രണ്ട് തവണയോളം ഫോണിൽ സംസാരിച്ചെന്നും സംസാരം ഒരു മണിക്കൂറിലധികം നീണ്ടു നിന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഫെബ്രുവരി 14, മെയ് 26 തീയതികളിലും സംസാരം നടന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Also Read:
അതേസമയം, വാർത്താ ചാനൽ റിപ്പോർട്ടറായ ദീപക് ധർമടവും പ്രതികളും തമ്മിൽ ഫെബ്രുവരി 1 മുതൽ മെയ് 31 വരെ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇരുവരും മുട്ടിൽ മരംമുറി കേസ് പ്രതികളാണെന്ന ബോധ്യത്തോടെ തന്നെയാണ് സാജനും ദീപക്കും ഇവരുമായി ബന്ധം പുലർത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മണിക്കുന്നുമലയിലെ മരംമുറിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ട് ദീപക് ധർമടം കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഓയെ വിളിച്ച ഫെബ്രുവരി പത്തിന് ഇദ്ദേഹം പ്രതി ആൻ്റോ അഗസ്റ്റിനുമായി അഞ്ചു തവണ സംസാരിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
മുട്ടിൽ മരംമുറിക്കേസ് അട്ടിമറിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന പ്രതിപക്ഷ ആരോപണം സർക്കാരും സിപിഎമ്മും നിഷേധിക്കുകയാണ്. ഇതിനു പിന്നിൽ ‘ധര്‍മടം’ ബന്ധമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഗൂഢാലോചന തെളിയിക്കുന്ന റിപ്പോട്ട് ലഭിച്ചിട്ടും ആരോപണവിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ സാജനെതിരെ സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ് നടപടിയെടുത്തത്.