തിരുവന്തപുരം: കരിപ്പൂർ മോഡൽ സ്വർണം പൊട്ടിക്കൽ തിരുവനന്തപുരത്തും. ഒരാഴ്ച മുമ്പ് വിദേശത്ത് നിന്നെത്തിയ ആളെ കാണാതായതിന് പിന്നിൽ സ്വർണക്കടത്താണ്എന്ന നിഗമനത്തിലാണ് പോലീസ്. സ്വർണം കടത്തിയ ആൾ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്. ഇയാൾ പോയ വാഹനം പോലീസ് കണ്ടെത്തി.
കഴിഞ്ഞ 13ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അൽ അമീനെയാണ് കാണാതായത്. ഇയാളുടെ തിരോധാനം സംബന്ധിച്ച് ബന്ധുക്കൾ വലിയതുറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂർ മോഡൽസ്വർണം പൊട്ടിക്കൽ തിരുവനന്തപുരത്തും നടന്നതായി പോലീസ് സംശയിക്കുന്നത്.
മഞ്ചേരി സംഘത്തിനായി അൽ അമീൻ കടത്തിയ സ്വർണം കണ്ണൂർ സംഘം കടത്തിയതായാണ് സൂചന. കണ്ണൂർ സംഘത്തിന് അൽ അമീൻ തന്നെ വിവരം നൽകിയതായാണ് കരുതുന്നത്. ഒന്നുകിൽ അൽ അമീനെ കണ്ണൂർ സംഘം തട്ടിക്കൊണ്ടുപോയി, അല്ലെങ്കിൽ അവർക്കൊപ്പം അയാൾ സ്വമേധയാ പോയി എന്നാണ് പോലീസ് നിഗമനം.
സ്വർണം പ്രതീക്ഷിച്ച് നിന്ന മഞ്ചേരി സംഘം അൽ അമീന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായി വിവരമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തിൽ അൽ അമീൻ പോയ വാഹനം കണ്ണൂരിൽ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യത്തിൽ നിന്നാണ് വാഹനത്തിന്റെ നമ്പർ കണ്ടെത്തിയത്. ഈ വാഹനം പലതവണ കൈമറിഞ്ഞാണ് സ്വർണക്കടത്ത് സംഘത്തിന്റെ കൈയിൽ എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അൽ അമീൻ കേരളം വിട്ടതായും സംശയിക്കുന്നു. രാജ്യം വിട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഫോൺ രേഖകൾ പരിശോധിച്ചതിൽ സ്വർണം കടത്തിക്കൊണ്ടുപോയ സംഘവുമായി ഇയാൾ വിദേശത്തുവെച്ചു തന്നെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. അതുകൊണ്ടാണ് അൽ അമീൻ സ്വമേധയാ പോയതായി പോലീസ് സംശയിക്കുന്നത്.
രാമനാട്ടുകര അപകടത്തിന് ശേഷം സ്വർണക്കടത്ത് സംഘങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്നതായി സൂചനയുണ്ടായിരുന്നു.