തിരുവനന്തപുരം > സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായുമുള്ള യോഗങ്ങള്‍ ബുധനാഴ്ച മുതൽ വിളിച്ചുചേര്‍ക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനുമാണ് യോഗങ്ങള്‍. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എഞ്ചിനീയര്‍, സംസ്ഥാന/ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗം അഞ്ച് മേഖലകളിലായാണ് സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളുടെ യോഗം ബുധനാഴ്ച ഉച്ചയ്ക്ക് 2നും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ യോഗം 26ന് ഉച്ചയ്ക്ക് 2നും പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളുടെ യോഗം വൈകുന്നേരം 4നും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ യോഗം 27ന് ഉച്ചയ്ക്ക് 2നും കോട്ടയം എറണാകുളം പത്തനംതിട്ട ജില്ലകളുടെ യോഗം വൈകുന്നേരം 4നും ചേരും.
നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും മുഴുവന്‍ ജനപ്രതിനിധികളും സെക്രട്ടറിമാരും എഞ്ചിനീയര്‍, സംസ്ഥാന/മേഖലാതല വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗം ബുധനാഴ്ച വൈകുന്നേരം 4ന് വിളിച്ചുചേര്‍ക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗങ്ങള്‍. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ കില ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.