കൊച്ചി
ഒളിമ്പിക്സ് ഫുട്ബോളിൽ ഇന്ത്യക്കായി കളിച്ച അവസാന മലയാളിയും ഓർമയായി. 1960ലെ റോം ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതിരോധനിരയിൽ തിളങ്ങിയ ഒ ചന്ദ്രശേഖരൻ (86) അന്തരിച്ചു.
മറവിരോഗം ബാധിച്ച് എറണാകുളം എസ്ആർഎം റോഡിലെ വീട്ടിൽ ഭാര്യ വിമലയ്ക്കൊപ്പം കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അമേരിക്കയിലുള്ള മക്കൾ എത്തിയശേഷമാകും സംസ്കാരം.
1958 മുതൽ 1966 വരെ ദേശീയ കുപ്പായത്തിൽ തിളങ്ങി. ഇന്ത്യൻ ക്യാപ്റ്റനായിട്ടുണ്ട്. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. 1964ലെ ഏഷ്യൻ കപ്പിൽ വെള്ളി. 1959,1964 മെർദേക്ക ഫുട്ബോളിലും വെള്ളിത്തിളക്കം. മക്കൾ: സുനിൽ (ബംഗളൂരു), സുധീർ (വാഷിങ്ടൺ ഡിസി), സുമ (ന്യൂയോർക്ക്).