പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ടാംഗ്ര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തെ “ചൈനീസ് കാളി ക്ഷേത്രം” എന്നാണ് വിളിക്കുന്നത്. ടിബറ്റൻ, കിഴക്കൻ ഏഷ്യൻ സംസ്കാരത്തിന്റെ ഒരു സങ്കരമാണ് ഈ ക്ഷേത്രപരിസരം. അതുകൊണ്ട് തന്നെ അമ്പലവും പ്രദേശവും വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
ക്ഷേത്രവും വിഗ്രഹവും ഇന്ത്യയിലെ മറ്റേതൊരു കാളി ക്ഷേത്രത്തിലെന്നപോലെ തന്നെയാണ്. പ്രസാദം ആദ്യം ദേവിക്ക് സമർപ്പിക്കുകയും പിന്നീട് ഭക്തർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ചൈനീസ് വിഭവങ്ങളായ നൂഡിൽസ്, ചോപ് സൂയി, സ്റ്റിക്കി റൈസ് തുടങ്ങിയ വിഭവങ്ങളാണ് ഭക്തർക്ക് നൽകുന്നത്. ഈ ക്ഷേത്രത്തിലൂടെ ചൈനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സംസ്കാരം മുറുകെപ്പിടിക്കാൻ ശ്രമിക്കുകയാണ് എന്ന് പ്രദേശവാസികൾ പറയുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, ക്ഷേത്രത്തിന് 80 വർഷം പഴക്കമുണ്ട്. ക്ഷേത്രം നിർമ്മിക്കുന്നതിനുമുമ്പ് ഒരു മരത്തിന്റെ ചുവട്ടിൽ രണ്ട് ഗ്രാനൈറ്റ് കല്ലുകൾ അടുക്കി വച്ചായിരുന്നു ആരാധന. 60 വർഷം മുൻപായി ചെറിയ ക്ഷേത്രമായത്. ഏകദേശം 20 വർഷം മുമ്പ്, ബംഗാളി, ചൈനീസ് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ക്ഷേത്രം പുനരുദ്ധീകരിച്ച് ചൈനീസ് കാളി ക്ഷേത്രം സ്ഥാപിച്ചു.
ഐതീഹ്യം അനുസരിച്ച്, വർഷങ്ങൾക്ക് മുൻപ് 10 വയസ്സുള്ള ഒരു ചൈനീസ് കുട്ടിയ്ക്ക് അസുഖം ബാധിച്ചു. ആർക്കും അവനെ സുഖപ്പെടുത്താനായില്ല. ഒടുവിൽ നിരാശനായ അവന്റെ മാതാപിതാക്കൾ കല്ലുകൾക്ക് സമീപം കിടന്നു. മകന്റെ ആരോഗ്യത്തിനായി മാതാപിതാക്കൾ ദൈവത്തോട് പ്രാർത്ഥിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകൻ സുഖം പ്രാപിച്ചു തുടങ്ങിയത്രേ.