തിരുവനന്തപുരം: വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
തിരുവനന്തപുരം, എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളിൽ വാക്സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനയ്ക്ക് വിധേയരാക്കും. മറ്റു ജില്ലകളിൽ വ്യാപകമായ പരിശോധന നടത്തും. ആദ്യ ഡോസ് വാക്സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
നിലവിൽ സംസ്ഥാനത്തിന്റെ പക്കൽ 16 ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനുംസമാഹരിക്കാനും നടപടിയെടുക്കും. 10 ലക്ഷം വാക്സിൻ ഡോസുകൾ കെ.എം.എസ്.സി.എൽ. നേരിട്ട് വാക്സിൻ ഉത്പാദകരിൽനിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും വഴി ഇതു നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. കൂടാതെ ഓരോ തദ്ദേശ സ്ഥാപന അതിർത്തിയിലും എത്ര വാക്സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി.
content highlights:chief minister pinarayi vijayan directs to conduct extensive tests in districts with low vaccination