കൊച്ചി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു. മറവിരോഗവും മറ്റു വാർധക്യസഹജമായ അസുഖങ്ങളെയും തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. ഇന്ന് കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു.
പ്രതിരോധ താരമായി കളിച്ചിരുന്ന ചന്ദ്രശേഖരൻ 1960ലെ റോം ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. രാജ്യം അവസാനമായി ഒളിമ്പിക്സിൽ ഫുട്ബോൾ കളിച്ചത് ആ വർഷമാണ്. അന്നത്തെ ഒളിമ്പിക്സ് ടീമിൽ അംഗമായിരുന്ന എസ്എസ് ഹക്കിം അന്തരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രശേഖരന്റെ മരണവും.
1962ൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ടീമിലും വെള്ളി നേടിയ 1964ലെ എഎഫ്സി ഏഷ്യൻ കപ്പിലും വെള്ളി നേടിയ മെർഡേക്ക ടൂർണമെന്റിലും (1959, 1964) ചന്ദ്രശേഖരനും ഉണ്ടായിരുന്നു. പികെ ബാനർജി, ചുനി ഗോസ്വാമി, തുളസീദാസ് ബലരാമൻ, സൈമൺ സുന്ദർരാജ്, പീറ്റർ തങ്കരാജ്, ജർനയിൽ സിംഗ്, മാരിയപ്പ കെമ്പയ്യ തുടങ്ങിയ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം അദ്ദേഹം കളിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ ജനിച്ച ചന്ദ്രശേഖരൻ എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്താണ് തന്റെ ഫുട്ബോൾ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തിയത്. പിന്നീട് 1956 മുതൽ മുംബൈയിലെ കാൽടെക്സിന് വേണ്ടി കളിച്ചു .1966ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കായും അദ്ദേഹം ബൂട്ട് കെട്ടി. 1963ൽ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.
Also read: ഡ്യുറന്റ് കപ്പില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
The post മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു appeared first on Indian Express Malayalam.