മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള രേഖകളിൽ ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടുത്താതെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ. സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്നത് ഹർജി കൂടാതെ വോട്ടർമാർക്ക് പരാതിപ്പെടാവുന്ന കുറ്റമാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 125എ വകുപ്പ് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ധർ പറയുന്നു.
2016ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് സമർപ്പിച്ച സ്വത്ത് വിവരങ്ങളിലും ആഫ്രിക്കയിലെ സ്വത്തിനേയോ നിക്ഷേപത്തേയോ കുറിച്ച് അൻവർ പറഞ്ഞിട്ടില്ല. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിൽ എംഎൽഎയെ കാണാനില്ലെന്ന പരാതി ഉയർന്നപ്പോൾ അൻവർ തന്നെ ഒരു ഫെയ്സ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട് താൻ ആഫ്രിക്കയിലാണെന്ന് വ്യക്തമാക്കിയിരുന്നു.
ആഫ്രിക്കയിൽ താൻ ഉപജീവന മാർഗത്തിന് വന്നതാണെന്നും അവിടെ തനിക്ക് നിക്ഷേപമുണ്ടെന്നും അൻവർ തന്നെ സമ്മതിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച 66 പേജുള്ള സ്വത്ത് വിവരങ്ങളിൽ തന്റേയോ ആശ്രിതരുടേയോ പേരിൽ ആഫ്രിക്കയിൽ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്നില്ല.
അൻവർ നടത്തിയിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് വിഷയത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടതെന്നും നിയമവിദഗ്ധർ പറയുന്നു. തനിക്ക് ആഫ്രിക്കയിൽ നിക്ഷേപമുണ്ടെന്ന് അൻവർ തന്നെ മണ്ഡലത്തിലെ അസാന്നിധ്യത്തിന് കാരണമായി പറയുമ്പോൾ എന്തുകൊണ്ട് അത് തിരഞ്ഞെടുപ്പ് രേഖകളിൽ ഉൾപ്പെടുത്തിയില്ലെന്നും അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടത്.
Content Highlights: PV Anwar didn`t included details of his assets in Africa in nomination filed prior to assembly polls