കരീബിയയിലെ ഒരു കടൽത്തീരച്ച് യോഗ അഭ്യാസമുറകളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു യുവതി. ഇരു കൈകളും കാലുകളും നിലത്ത് കുത്തി മലർന്നു നിൽക്കുന്ന യോഗ പോസിനിടെ ഒരു ഇഗുവാന യുവതിയുടെ അടുത്തേക്ക് നടന്നു വരുന്നത് വിഡിയോയിൽ കാണാം. കരീബിയൻ തീരത്ത് ധാരാളമായി കാണുന്ന ഒരിനം വലിയ ഓന്താണ് ഇഗുവാന. മനുഷ്യരോട് ഇണങ്ങാറുള്ള ഇവ സന്ദർശകർ നൽകുന്ന ഭക്ഷണം കഴിക്കാറുമുണ്ട്.
യോഗ പോസിനിടെ തന്റെ ഒരു കൈ മുകളിലേക്ക് ഉയർത്തുന്ന സമയത്ത് ഇഗുവാന അടുത്തേക്ക് നടന്നെത്തി. എന്തോ കഴിക്കാനുള്ള വിഭവമാണ് എന്നോർത്താവും ഇഗുവാന യുവതിയുടെ കൈവിരലിൽ കയറി കടിച്ചു. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്നറിയാതിരുന്ന യുവതി “ഓ! അവൻ (ഇഗുവാന) എന്റെ വിരൽ കടിച്ചു!” എന്ന് ആക്രോശിച്ചു. പേടിച്ച ഇഗുവാന ഓടിമറഞ്ഞു. പക്ഷെ കാര്യമായ കടി കിട്ടിയതിനാൽ വേദനകൊണ്ട് വീണ്ടും വീണ്ടും യുവതി ആക്രോശിക്കുന്നത് വിഡിയോയിലുണ്ട്.
3.5 ദശലക്ഷത്തിലധികം വ്യൂകളും 30,000 റീട്വീറ്റുകളും നേടി ട്വിറ്ററിൽ വയറലാണ് വീഡിയോ. ഇതേ തുടർന്ന് തന്റെ ട്വിറ്റെർ പേര് ‘ദി ഇഗുവാന ഗേൾ’ എന്നാക്കിയിട്ടുണ്ട് യുവതി. സെഷൻ ആരംഭിക്കുന്നതിന് മുമ്പ് ഇഗുവനയെ അവിടെങ്ങും കണ്ടില്ലേ എന്ന പലരുടെയും ചോദ്യത്തിന് കടൽത്തീരത്ത് ഇഗ്വാനകൾ ഉണ്ടായിരുന്നു എന്നും എന്നാൽ അവ തൊട്ടടുത്തായിരുന്നില്ല എന്നുമാണ് യുവതിയുടെ മറുപടി. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇഗുവാന സാധാരണയായി കാണാറുള്ളത്.