തൃശ്ശൂർ: മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ ഐ.സി.എച്ച്.ആർ. ശുപാർശ നൽകിയെന്ന വാർത്തയിൽ പ്രതികരണവുമായി ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ.
ഐ.സി.എച്ച്.ആറിന്റെ നടപടി ഉചിതമാണെന്ന് ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഈ നടപടി സ്വാതന്ത്യ സമര സേനാനികളോടുള്ള ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ സ്വാതന്ത്യസമര സേനാനികളോട് ഐ.സി.എച്ച്.ആർ. നീതി പുലർത്തി. വാരിയൻകുന്നൻ ഹാജി താലിബാനിസം നടപ്പാക്കിയ തെമ്മാടിയാണ്. ആർക്കോ വേണ്ടി ചെണ്ടകൊട്ടുന്നവരല്ല ഇന്നത്തെ ഐ.സി.എച്ച്.ആർ. എന്ന് ഈ നടപടിയിലൂടെ തെളിയിക്കുന്നു. വാരിയൻ കുന്നന്റെ ലഹളക്ക് നിഗൂഢത ഉണ്ടന്ന് ഇ.എം.എസ്. പറഞ്ഞിരുന്നു. സ്വാതന്ത്യസമരമായിരുന്നങ്കിൽ എന്തിന് ഇ.എം.എസ്. വീട് ഉപേക്ഷിച്ച് പോയെന്ന് സി.പി.എം. വ്യക്തമാക്കണം. സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് ചരിത്രാജ്ഞതയാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
വാരിയൻകുന്നന്റെ കാര്യത്തിൽ കോലഹലമല്ല, കാര്യം പറഞ്ഞതാണ്. കാര്യങ്ങൾ ചരിത്ര യാഥാർത്ഥ്യങ്ങളാണ്. അത് കോലാഹലമാണന്ന് തോന്നുന്നതാണ് അർഥശൂന്യം. എം.ബി. രാജേഷ് വിക്കീപീഡിയ നോക്കിയല്ല ചരിത്രകാര്യങ്ങൾ പറയേണ്ടത്. വാരിയൻകുന്നന്റെ പേരിലെ എത് ചരിത്രരേഖയിലാണ് ഭഗത് സിങ്ങിനെ ഉപമിച്ച വാരിയൻകുന്നന്റെ മൊഴികളുള്ളത്. എത് ഗ്രന്ഥം ആര് എഴുതി ഏത് സന്ദർഭത്തിൽ സ്പീക്കർ വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
content highlights:bjp spokeperson b gopalakrishnan on ichr-variyankunnath haji name omission controversy