തിരുവനന്തപുരം > ആറ്റിങ്ങലിൽ അൽഫോൺസ്യയെന്ന മത്സ്യത്തൊഴിലാളിയുടെ മീൻക്കുട്ട വലിച്ചെറിഞ്ഞുവെന്ന സംഭവത്തിൽ അഞ്ചുതെങ്ങ് ഫെറോന സെന്റർ ആക്ഷൻ കൗൺസിൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും ആക്ഷൻ കൗൺസിൽ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിച്ചത്.
അൽഫോൺസ്യക്കെതിരെയുള്ള കേസ് പിൻവലിക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തും. പൊലീസിൽ നിന്ന് പ്രതികൂല നടപടി ഉണ്ടാകുന്നുവെന്ന പരാതിയിലും നടപടിയുണ്ടാകും.
ആറ്റിങ്ങൽ നഗരസഭയിലെ മാർക്കറ്റിന്റെ നിലവിലെ അവസ്ഥ, മത്സ്യക്കച്ചവടം നടത്തുന്ന ഇടങ്ങളിലെ സ്ഥിതി തുടങ്ങിയവ സംബന്ധിച്ച പഠന റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറും. വിഷയത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാനെ കൂടി ഉൾപ്പെടുത്തി ജില്ലാതല യോഗം വിളിച്ചു ചേർക്കാനും തീരുമാനമായി.
ആക്ഷൻ കൗൺസിൽ പ്രതിനിധികളായ ഫാ. ജസ്റ്റിൻ ജൂഡിൻ, ഫാ. ലൂസിയാൻ തോമസ്, ജൂഡ് ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.















