ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചയാൾക്ക് 84 ദിവസത്തിന് മുൻപ് രണ്ടാം ഡോസ് നൽകാൻ അനുവാദം നൽകണമെന്ന് വ്യക്തമാക്കി കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ട് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാൻ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
സ്വന്തം നിലയിൽ വാക്സിൻ സ്വീകരിക്കുന്നവരിൽ രണ്ടാം ഡോസിൻ്റെ ഇളവേഅ കുറച്ചുകൂടെ എന്ന നിർണായക ചോദ്യവും കേരളാ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഹർജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ദീർഘനാൾ കാത്തിരിക്കേണ്ടിവരുന്നത് രാജ്യത്തെ വാക്സിൻ ക്ഷാമം മൂലമാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഹർജി കോടതിയിലെത്തിയത്.
കമ്പനി ജീവനക്കാർക്ക് രണ്ടാം ഡോസ് നൽകാൻ 12,000 ഡോസ് വാക്സിൻ കിറ്റെക്സ് കമ്പനി വാങ്ങിയിരുന്നു. ഈ വാക്സിൻ നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചിട്ട് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാൻ അനുമതി ലഭിച്ചില്ലെന്നാണ് കമ്പനി അധികൃതർ കോടതിയിൽ പറഞ്ഞത്.