മലപ്പുറം> കേരളത്തിന്റെ പാരിസ് കമ്യൂണാണ് മലബാര് കലാപമെന്ന് എകെജി പറഞ്ഞിട്ടുണ്ടെന്നും അതിന്റെ പേരില് അദ്ദേഹത്തെ ബ്രിട്ടീഷുകാര് ജയിലില് അടച്ചിട്ടുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്. സ്പീക്കര് എം ബി രാജേഷ് ഭഗത് സിംഗിനേയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ഉപമിച്ച് നടത്തിയ പരാമര്ശത്തോടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എകെജിയെ ജയിലില് അടച്ച ബ്രിട്ടീഷ് മനോഭാവക്കാരാണ് ഇത്തരം വിമര്ശനം ഉന്നയിക്കുന്നതെന്നും വിജയരാഘവന് പറഞ്ഞു.
മലബാര് കലാപം സ്വാതന്ത്യ സമരത്തിന്റെ ഭാഗം തന്നെയാണ്. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവന് പറഞ്ഞു. ബ്രിട്ടീഷുകാര് ഏറ്റവും ക്രൂരമായി അടിച്ചമര്ത്തിയ
പ്രക്ഷോഭം എന്നതിനാലും മലബാര് കലാപം ഏറെ പഠനവിധേയമായ ഒന്നാണ്. അതില് മുന്തൂക്കം കിട്ടിയ ഭാഗം എന്ന നിലയില് അടയാളപ്പെടുത്തിയിരിക്കുന്നത് അതിന്റെ സാമ്രാജ്യത്വ- ജന്മിത്വ – നാടുവാഴി വിരുദ്ധ അംശങ്ങളാണ്. സ്വാഭാവികമായും സമരത്തിന്റെ സംഘടിത രൂപം എന്ന നിലയില് വിശകലനം ചെയ്യുമ്പോള് അതൊരു നൂറ്റാണ്ട് മുമ്പാണ്.
1930 കളിലാണ് കേരളത്തില് ദേശീയ പ്രസ്ഥാനം വിപുലമായ ജനകീയ പ്രസ്ഥാനമായി മാറുന്നത്. അതിനാല് സംഘടിത രാഷ്ട്രീയ -ദേശീയ പ്രസ്ഥാനം നാട്ടിന്പുറത്തേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ശക്തമായി ഈ പ്രതിഷേധം തെക്കെ മലബാറില് നടന്നിട്ടുണ്ട്. കലാപത്തിന്റെ ഒരു ഘട്ടത്തില് ചില വര്ഗീയ കാര്യങ്ങള് നടന്നിട്ടുണ്ട്. അതിനാലാണ് കമ്യൂണിസ്റ്റുകാര് ആഹ്വാനവും താക്കീതും എന്ന മുഖക്കുറിപ്പില് അതിനെ സംബന്ധിച്ച് 1946ല് നിലപാട് സ്വീകരിച്ചതെന്നും വിജയരാഘവന് പറഞ്ഞു