മലപ്പുറം> സ്വാതന്ത്ര്യസമര ചരിത്രം വളച്ചൊടിച്ച് കേന്ദ്ര സര്ക്കാരിന് കീഴിലുള്ള ഇന്ത്യന് കൗണ്സില് ഫോര് ഹിസ്റ്റോറിക്കല് റിസര്ച്ച് (ഐസിഎച്ച്ആര്). മലബാര് സമര നേതാക്കളായ വാരിയന്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര് എന്നിവരുള്പ്പെടെ 387 പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്നിന്ന് നീക്കംചെയ്യാനുള്ള ശുപാര്ശ ചരിത്രത്തോടുള്ള അനീതി. മലബാര് സമരത്തിന്റെ നൂറാം വാര്ഷിക വേളയിലാണിതെന്നതും ശ്രദ്ധേയം.
ബ്രിട്ടീഷ് ആധിപത്യവും ജാതി-ജന്മിത്ത ചൂഷണവും ഇല്ലാതാക്കി സ്വതന്ത്രജീവിതം സാധ്യമാക്കുകയായിരുന്നു 1921ലെ മലബാര് സമരത്തിന്റെ ലക്ഷ്യം. അതിന് നേതൃത്വം നല്കിയ മനുഷ്യസ്നേഹിയായിരുന്നു വാരിയന്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സാമ്രാജ്യത്വവും അതിനെ സഹായിക്കുന്നവരുമായിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കള്. സാധാരണക്കാരോട് ജാതി-മത ഭേദമില്ലാതെ ആത്മബന്ധം പുലര്ത്തി. മതമൈത്രിയുടെ കാവലാളായിരുന്നു ആലി മുസ്ല്യാര്. ബ്രിട്ടീഷ് ഭീകരതയില്നിന്ന് നാടിന് അഭയമായ നേതാവ്. 1922 ഫെബ്രുവരി 17ന് കോയമ്പത്തൂര് ജയിലില് തൂക്കിലേറ്റി.
സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങള് മലബാര്സമര കാലത്ത് ഉയര്ന്നില്ലെന്ന ഐസിഎച്ച്ആര് സമിതി കണ്ടെത്തലും വിചിത്രം. സമരകാലത്ത് അറസ്റ്റിലായവരുടെ മേല് ചുമത്തിയ കുറ്റം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവര്ത്തിച്ചു എന്നതാണ്. ഇതിന് ബ്രിട്ടീഷ് അധികാരികളുടെതന്നെ രേഖകള് തെളിവ്. പ്രത്യേക കോടതികള് സ്ഥാപിച്ച് വിചാരണയ്ക്കുശേഷമാണ് സമര നേതാക്കളെ അറസ്റ്റ് ചെയ്തതും വധശിക്ഷ നടപ്പാക്കിയതും. അത് മാനിക്കാതെ സാമുദായിക കലാപം മാത്രമാക്കി മലബാര് സമരത്തെ ചിത്രീകരിക്കുന്നത് ചരിത്രത്തെ കാവിവല്ക്കരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം.
ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന ഐസിഎച്ച്ആര് മൂന്നംഗസമിതിയുടെ നിരീക്ഷണവും മണ്ടത്തരം. മതപരിവര്ത്തനമായിരുന്നു ലക്ഷ്യമെന്നും ദേശീയത ഉള്ളടക്കമല്ലായിരുന്നുവെന്നും റിപ്പോര്ട്ട് വിലയിരുത്തുന്നു. മഹാത്മാഗാന്ധി ഉള്പ്പെടെയുള്ളവര് ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉള്ക്കൊണ്ടിട്ടുണ്ട്.