ന്യൂഡൽഹി> ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു
കേരള ഹൈക്കോടതി അടക്കം ഇക്കാര്യത്തിൽ നൽകിയിട്ടുള്ള ഉത്തരവിന്റെ പേരിൽ ഇപിഎഫ്ഒയ്ക്കെതിരെ കേടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി നേരത്തേ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തേ സുപ്രീംകോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് ഉത്തരവുണ്ടായിട്ടുള്ള കേസ് ആയതിനാൽ വീണ്ടും ഒരു രണ്ടംഗ ബെഞ്ച് കേസ് കേൾക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് യു യു ലളിത് അജിത് റസ്തോഗി എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
കൂടുതൽ ഇപിഎഫ് വിഹിതം അടയ്ക്കുന്നവർക്ക് ഉയർന്ന പെൻഷൻ നൽകണമെന്നാണ് കേരള ഹൈക്കോടതി വിധി. ഹൈക്കോടതി വിധി പെൻഷൻ പദ്ധതിയെ അപകടത്തിലാക്കുമെന്നും പ്രതിദിന വാദം കേട്ട് കേസ് ഉടൻ തീർപ്പാക്കണമെന്നും ഇപിഎഫ്ഒ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
15,000 രൂപ ശമ്പള പരിധിയും ജോലി ചെയ്യുന്ന വര്ഷവും കണക്കാക്കിയാണ് നിലവിൽ ഇപിഎഫ് പെൻഷൻ തീരുമാനിക്കുന്നത്. ഈ പരിധി ഹൈക്കോടതി എടുത്തുകളഞ്ഞു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചെങ്കിലും പിന്നീട് തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹര്ജികൾ പരിഗണിച്ച് കേസ് പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.