ന്യൂഡൽഹി
റോഡ് ഗതാഗതം തടസ്സപ്പെടുത്തിയുള്ള കർഷകരുടെ പ്രതിഷേധത്തിന് കേന്ദ്ര സർക്കാരും യുപി, ഹരിയാന സർക്കാരുകളും പരിഹാരം കാണണമെന്ന് സുപ്രീംകോടതി. കർഷകപ്രതിഷേധ സമരം കാരണം നോയിഡയിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ സമയം വേണ്ടിവരുന്നുവെന്ന ഹർജിയിലാണ് നിരീക്ഷണം.
പ്രതിഷേധത്തിന്റെപേരിൽ ഗതാഗതം തടസ്സപ്പെടരുത്. ജനസഞ്ചാരത്തിന് തടസ്സമുണ്ടാകരുത്. മുൻ ഉത്തരവുകളിലും കോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്–- ജസ്റ്റിസുമാരായ എസ് കെ കൗൾ, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. കേസ് സെപ്തംബർ 20ന് വീണ്ടും കേൾക്കും. എന്തുകൊണ്ടാണ് പ്രശ്നത്തിന് പരിഹാരം കാണാത്തതെന്ന് കോടതി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് ചോദിച്ചു. കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ, ഗതാഗതം തടസ്സപ്പെടരുത്. ഇതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്–- കോടതി വ്യക്തമാക്കി.
ജോലി ആവശ്യത്തിന് ഡൽഹിയിലേക്കും തിരിച്ചും 20 മിനിറ്റ് വേണ്ട യാത്രയ്ക്ക് ഇപ്പോൾ രണ്ടു മണിക്കൂർ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗർവാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.