പാരാലിമ്പിക്സ് മത്സരങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. ഒന്പത് കായിക ഇനങ്ങളിലായി 54 താരങ്ങളാണ് ടോക്കിയോയില് നടക്കുന്ന ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 1968ൽ ആരംഭിച്ച പാരാലിമ്പിക് ഗെയിംസിൽ ഇന്ത്യ ഇതുവരെ 12 മെഡലുകളാണ് നേടിയിട്ടുള്ളത്. നാല് വിധം സ്വർണം, വെള്ളി വെങ്കല മെഡലുകളാണ് ഇന്ത്യൻ താരങ്ങളുടെ പേരിൽ ഉള്ളത്.
1972, ഹൈഡൽബർഗ് പാരാലിമ്പിക്സ്
മുരളികാന്ത് പെട്ട്ക്കർ: സ്വർണ്ണം
പാരാലിമ്പിക്സിൽ രാജ്യത്തിന് വേണ്ടി ആദ്യ മെഡൽ നേടിയത് പെട്ട്ക്കറാണ്. പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിൽ 37.33 സെക്കൻഡ് എന്ന ലോക റെക്കോർഡ് സമയത്തിലായിരുന്നു താരത്തിന്റെ സ്വർണ മെഡൽ നേട്ടം.
യഥാർത്ഥത്തിൽ ഇന്ത്യൻ ആർമിയിലെ ഒരു ബോക്സർ ആയിരുന്ന പെട്ട്ക്കർ 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ കൈ നഷ്ടപ്പെട്ടതിനെ തുടർന്ന് നീന്തലിലേക്കും മറ്റ് കായിക ഇനങ്ങളിലേക്കും തിരിയുകയായിരുന്നു. പാരാലിമ്പിക്സിലും ഒളിമ്പിക്സിലും ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണ മെഡൽ ജേതാവുമായിരുന്നു അദ്ദേഹം.
1984, ന്യൂയോർക്ക് (യുഎസ്), സ്റ്റോക്ക് മാൻഡെവില്ലെ (യുകെ) പാരാലിമ്പിക്സ്
ജോഗിന്ദർ സിംഗ് ബേദി: 1 വെള്ളി, 2 വെങ്കലം
ഷോട്ട് പുട്ട് മത്സരത്തിൽ വെള്ളിയും ജാവലിൻ ത്രോ, ഡിസ്കസ് ത്രോ മത്സരങ്ങളിൽ വെങ്കലവുമാണ് ബേദി നേടിയത്. പാരാലിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
ഭീമറാവു കേസർക്കർ: വെള്ളി
1984 പാരാലിമ്പിക്സിലെ പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിലാണ് കേസർക്കാർ വെള്ളി മെഡൽ നേടിയത്. വെങ്കല മെഡൽ നേടിയ ജോഗീന്ദർ സിംഗ് ബേദിയെക്കാൾ മുന്നിൽ എറിഞ്ഞിട്ടായിരുന്നു കേസർക്കാറിന്റെ നേട്ടം.
2004 ഏഥൻസ് പാരാലിമ്പിക്സ്
ദേവേന്ദ്ര ജഹാരിയ: സ്വർണ്ണം
ഇരുപത് വർഷത്തെ കാത്തിരിപ്പിനു ശേഷം പാരാലിമ്പിക്സിൽ ഇന്ത്യക്ക് സ്വർണ മെഡൽ നേടി കൊടുത്ത താരമാണ് ജഹരിയ. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 62.15 മീറ്റർ എറിഞ്ഞ് 12 വർഷത്തെ ലോക റെക്കോർഡ് തിരുത്തിയായിരുന്നു താരത്തിന്റെ നേട്ടം.
രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ജഹാരിയയ്ക്ക് ഏകദേശം എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ഇടത് കൈ നഷ്ടമായത്. ഒരു മരക്കൊമ്പിൽ കയറിയപ്പോൾ അറിയാതെ വൈദ്യുതി കമ്പിയിൽ കയറി പിടിച്ചതിനാലാണ് താരത്തിന്റെ കൈ മുറിച്ചു കളയേണ്ടി വന്നത്. നാളെ ടോക്കിയോയിൽ ആരംഭിക്കുന്ന പാരാലിമ്പിക്സിലും ജഹരിയാ മത്സരിക്കുന്നുണ്ട്.
രജീന്ദർ സിംഗ് രാഹേലു: വെങ്കലം
ഏഥൻസ് ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ജേതാവായ രഹേലു 56 കിലോഗ്രാം പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ 157.5 കിലോഗ്രാം ഉയർത്തിയാണ് വെങ്കലം നേടിയത്.
പഞ്ചാബിലെ ജലന്ധർ ജില്ലയിലെ മെഹ്സാംപൂർ ഗ്രാമത്തിൽ ജനിച്ച റാഹേലുവിന് എട്ട് മാസം പ്രായമുള്ളപ്പോഴാണ് പോളിയോ ബാധിച്ചത്.
2012, ലണ്ടൻ പാരാലിമ്പിക്സ്
ഗിരിഷ നാഗരാജഗൗഡ: വെള്ളി
ലണ്ടൻ പാരാലിമ്പിക്സിലെ ഏക ഇന്ത്യൻ മെഡൽ ജേതാവാണ് നാഗരാജഗൗഡ. പുരുഷന്മാരുടെ ഹൈജമ്പിൽ 1.74 മീറ്റർ ചാടിയാണ് താരം വെള്ളി മെഡൽ നേടിയത്. ഇടതുകാലിൽ വൈകല്യമുള്ള നാഗരാജഗൗഡ, ഹൈജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്.
Also read: ഇനി പോരാട്ടം പാരാലിംപിക്സില്; ചരിത്രത്തിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ
2016, റിയോ പാരാലിമ്പിക്സ്
ദേവേന്ദ്ര ജഹാരിയ: സ്വർണ്ണം
റിയോയിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 63.97 മീറ്റർ എറിഞ്ഞ് വീണ്ടും ചരിത്രത്തിൽ ഇടം നേടുകയായിരുന്നു ജഹാരിയ. വീണ്ടും സ്വർണ മെഡൽ നേടിയ ജഹാരിയ പാരാലിമ്പിക്സിൽ രണ്ടു സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി.
മരിയപ്പൻ തങ്കവേലു: സ്വർണ്ണം
റിയോ ഗെയിംസിലെ ഹൈജമ്പിൽ 1.89 മീറ്റർ ഉയരത്തിൽ ചാടിയാണ് തങ്കവേലു സ്വർണം നേടിയത്. രാജ്യത്തിന്റെ മൂന്ന് പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളിൽ ഒരാളാണ് അദ്ദേഹം.
തമിഴ്നാട്ടിലെ സേലം ജില്ലയിൽ നിന്നുള്ള താരം മുൻ ഏഷ്യൻ റെക്കോർഡ് തിരുത്തിയാണ് നേട്ടം സ്വന്തമാക്കിയത്. അഞ്ചാം വയസ്സിൽ ഒരു ബസ് അപകടത്തിൽ വലതുകാൽ നഷ്ടമായ തങ്കവേലു ടോക്കിയോ ഗെയിംസിലും തന്റെ സ്വർണം നിലനിർത്താൻ മത്സരിക്കുന്നുണ്ട്.
ദീപ മാലിക്: വെള്ളി
റിയോയിൽ ഷോട്ട്പുട്ട് മത്സരത്തിൽ 4.61 മീറ്റർ എറിഞ്ഞ് വെള്ളി നേടിയ ദീപ മാലിക് ഇന്ത്യക്ക് വേണ്ടി പാരാലിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്.
പക്ഷാഘാതം ബാധിച്ച് അരയ്ക്ക് താഴെ തളർന്ന് പോയ മാലിക്, നട്ടെല്ലിന് ട്യൂമർ ശസ്ത്രക്രിയ ചെയ്ത ശേഷം വീൽചെയർ സഹായത്തോടെയാണ് കഴിയുന്നത്. നിലവിൽ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ് ദീപ മാലിക്.
വരുൺ സിങ് ഭാട്ടി: വെങ്കലം
പുരുഷന്മാരുടെ ഹൈജമ്പിലാണ് ഭാട്ടി വെങ്കലം നേടിയത്. 1.86 മീറ്റർ ചാടി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് വരുൺ സിങ് ഭാട്ടി മെഡൽ നേടിയത്.
The post പാരാലിമ്പിക്സിൽ ഇന്ത്യ; മുൻ മെഡൽ ജേതാക്കളെ അറിയാം appeared first on Indian Express Malayalam.