തന്റെ ഫോമിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെ ആദ്യ മൂന്ന് ഇന്നിങ്സുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രഹാനെയ്ക്ക് കഴിഞ്ഞില്ല. അത് അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ചും താഴ്ന്ന ഓർഡറിലെ സമ്മർദ്ദത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തി. എന്നാൽ പരമ്പരയിലെ തന്റെ നാലാം ഇന്നിംഗ്സിൽ അദ്ദേഹം തന്റെ വിമർശകർക്ക് മികച്ച രീതിയിൽ മറുപടി നൽകി. ലോർഡ്സിൽ 4 ആം ദിവസം 145 പന്തുകളിൽ നിന്ന് താരം 62 റൺസ് നേടി.
“ആളുകൾ എന്നെക്കുറിച്ച് സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആളുകൾ പ്രധാനപ്പെട്ട ആളുകളെക്കുറിച്ച് സംസാരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, എനിക്ക് അതിനെക്കുറിച്ച് വലിയ ആശങ്കയില്ല. പ്രധാനം ടീമിന് സംഭാവന ചെയ്യുക എന്നതാണ്. സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം. എനിക്ക് നിയന്ത്രിക്കാൻ കഴിയാത്തതിൽ ഞാൻ ആശങ്കപ്പെടുന്നില്ല, ”ലീഡ്സിലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള ഒരു വെർച്വൽ പത്രസമ്മേളനത്തിൽ രഹാനെ പറഞ്ഞു.
“ഇത് ശരിക്കും സംതൃപ്തികരമായിരുന്നു, ഞാൻ എല്ലായ്പ്പോഴും ടീമിന് എന്ത് സംഭാവന ചെയ്യാം എന്നതിൽ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ടീമിനെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കുന്നു. ടീം പ്രകടനം എല്ലായ്പ്പോഴും ആത്യന്തിക ലക്ഷ്യമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
രഹാനെയും, ഇന്ത്യയുടെ മൂന്നാം നമ്പർ ചേതേശ്വർ പൂജാരയും നാലാം ദിനം ഇംഗ്ലണ്ടിനെതിരെ ശക്തമായ പ്രതിരോധം തീർത്തിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുന്നത് വരെയുള്ള സമയത്ത് 56 റൺസ് എടുക്കുന്നതിനിടയിൽ സന്ദർശകർക്ക് അവരുടെ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 100 റൺസ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. പൂജാര 206 പന്തിൽ 45 റൺസും രഹാനെ 146 പന്തിൽ 61 റൺസും നേടി. രണ്ട് ബാറ്റ്സ്മാന്മാരും റൺസിനായി പരിശ്രമിക്കുകയും ഫോമിൽ തിരിച്ചെത്താനുള്ള ഉത്സാഹവും നിശ്ചയദാർഢ്യവും കാണിക്കുകയും ചെയ്തു അന്ന്.
“ആളുകൾ പൂജാരയുടെ പതിയെയുള്ള ബാറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അദ്ദേഹം 200 പന്തിൽ കൂടുതൽ കളിച്ച ആ ഇന്നിംഗ്സ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങളുടെ ആശയവിനിമയം വളരെ മികച്ചതായിരുന്നു, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ”രഹാനെ വിശദീകരിച്ചു.
Read More: എല്ലാ ക്രെഡിറ്റും ഐപിഎല്ലിന്; ഇന്ത്യയുടെ വിജയരഹസ്യം പറഞ്ഞ് പാര്ഥിവ് പട്ടേല്
ഹെഡിംഗ്ലി ടെസ്റ്റിന് മുന്നോടിയായി, വിരാട് കോലിയുടെ നായകത്വത്തിലുള്ള ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനായി ലീഡ്സിൽ എത്തി. പരിശീലന സെഷനിൽ നിന്നുള്ള ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ക്യാപ്റ്റൻ കോഹ്ലി, രോഹിത് ശർമ്മ, കെഎൽ രാഹുൽ, രഹാനെ തുടങ്ങിയവരുടെ പരിശീലന ദൃശ്യങ്ങളാണ് ഇവയിലുള്ളത്.
ഗ്രൗണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാൻ ഇന്ത്യൻ ടീം പദ്ധതിയിടുന്നുവെന്ന് ചോദിച്ചപ്പോൾ രഹാനെ പറഞ്ഞത് “സാഹചര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല,” എന്നാണ്. “എല്ലാ കളിക്കാരും നല്ല മാനസികാവസ്ഥയിലാണ്, ഇതെല്ലാം ആത്മവിശ്വാസത്തെയും മികച്ച രീതിയിൽ മുന്നോട്ട് പോവുന്നതിനെയും ആശ്രയിച്ചിരിക്കുന്നു, ” രഹാനെ പറഞ്ഞു.
The post ‘സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും പൂജാരയ്ക്കും അറിയാം;’ വിമർശനങ്ങൾക്ക് മറുപടിയുമായി രഹാനെ appeared first on Indian Express Malayalam.