ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ മലയാളിയായ കന്യാസ്ത്രീ തജിക്കിസ്താനിൽ വിമാനമിറങ്ങി. അഫ്ഗാനിസ്താനിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസർകോട് സ്വദേശി സിസ്റ്റർ തെരേസ് ക്രാസ്തയുമായുള്ള വിമാനമാണ് തജിക്കിസ്താനിൽ ഇറങ്ങിയത്.
അമേരിക്കൻ യുദ്ധ വിമാനത്തിലാണ് സിസ്റ്റർ തജിക്കിസ്താനിലെത്തിയത്. തജിക്കിസ്താനിൽനിന്ന് പ്രത്യേക വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കും എന്നാണ് വിവരം.
കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പി.ബി.കെ. ഇറ്റാലിയാന പകൽ പരിപാലന കേന്ദ്രത്തിൽ അധ്യാപികയാണ് സിസ്റ്റർ. 30 കുട്ടികളുള്ള കേന്ദ്രത്തിൽ പാകിസ്താനിൽ നിന്നുള്ള ഒരു കന്യാസ്ത്രീയും സിസ്റ്റർക്കൊപ്പമുണ്ട്.
നെല്ലിയാടി ആശ്രമം സുപ്പീരിയറായിരിക്കെ 2017-ലാണ് അവർ പോപ്പിന്റെ നിയന്ത്രണത്തിൽ അഫ്ഗാനിസ്താനിലുള്ള സ്ഥാപനത്തിലെ ജോലി തിരഞ്ഞെടുത്തത്.
Content highlights: Malayali nun in afghanistan reached Tajikistan