തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,29,618 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ 2,62,33,752 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. അതിൽ 1,92,89,777 പേർക്ക് ഒന്നാം ഡോസ് വാക്സിനും 69,43,975 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021-ലെ പ്രൊജക്ടഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 54.49 ശതമാനം പേർക്ക് ഒന്നാം ഡോസും 19.62 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 67.21 ശതമാനം പേർക്ക് ഒന്നാം ഡോസും 24.20 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽനിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയിൽനിന്നും 5 ലക്ഷം സിറിഞ്ചും ലഭ്യമായിട്ടുണ്ട്.
content highlights:today around 4.30 lakh people vaccinated in kerala